കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പരാതിക്കാരിയായ ഹർഷിന വീണ്ടും സമരത്തിലേക്ക്. ഈമാസം 28ന് രാവിലെ പത്തുമണിക്ക് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിക്ക് മുമ്പിൽ സത്യാഗ്രഹമിരിക്കുമെന്ന് സമര സമിതി നേതാക്കൾ അറിയിച്ചു.
സംഭവത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടികൾ സർക്കാർ ബോധപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് ഹർഷിന വീണ്ടും പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. സർക്കാരിന്റെ ഗുരുതര വീഴ്ചയെ തുടർന്ന് ഹർഷിന നിത്യരോഗിയായി മാറിയിട്ടും തിരിഞ്ഞുനോക്കാൻ തയ്യാറാവാത്ത നടപടിക്കെതിരെയാണ് ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നിലെ സമരം.
കുന്നമംഗലം കോടതിയിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ തുടർനടപടികൾ ആരംഭിക്കാനിരിക്കെയാണ് കേസിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. ഇതിന് കാരണം പ്രോസിക്യൂഷൻ ഹർഷിനക്ക് ഒപ്പമല്ല എന്നതുകൊണ്ടാണെന്നും സമരസമിതി ആരോപിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നൽകിയ തുക ഉപയോഗിച്ചാണ് ഹർഷിനയുടെ ചികിൽസ നടക്കുന്നത്.
സത്യാഗ്രഹ സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്യും. 2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. പ്രസവശേഷം അസ്വസ്ഥത വിട്ടുമാറാതിരുന്ന ഹർഷിനയുടെ വയറ്റിൽ നിന്ന് ഈ കത്രിക 2022 സെപ്തംബർ 17ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുകയായിരുന്നു.
തുടർന്ന് കേസിൽ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതിയാക്കി പോലീസ് കെസെടുത്തിരുന്നു. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന കെ. സുദർശനന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. കുന്നമംഗലം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 2024 ജൂലൈയിൽ വിചാരണ തുടങ്ങുന്നതിന് രണ്ടുദിവസം മുൻപ് ഹൈക്കോടതി കേസ് സ്റ്റേ ചെയ്യുകയായിരുന്നു.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക








































