കോഴിക്കോട്: ഒരുമിച്ച് ആത്‍മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ കാമുകൻ അറസ്‌റ്റിൽ. കോഴിക്കോട് എലത്തൂരിലാണ് സംഭവം. 26 വയസുള്ള യുവതിയുമായി എലത്തൂർ സ്വദേശി വൈശാഖൻ വർഷങ്ങളായി പ്രണയത്തിലായിരുന്നു.
വൈശാഖന്റെ ഇൻഡസ്‌ട്രിയിലാണ് ശനിയാഴ്‌ച യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്‍മഹത്യ ആണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ, സ്‌ഥലത്തെ സിസിടിവി പരിശോധിച്ച പോലീസിനുണ്ടായ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
വിവാഹാഭ്യർഥന നടത്തിയപ്പോൾ ഒരുമിച്ച് ജീവിക്കാനാവില്ലെന്നും പകരം മരിക്കാം എന്നും വിശ്വസിപ്പിച്ചാണ് വൈശാഖൻ യുവതിയെ ശനിയാഴ്‌ച രാവിലെ തന്റെ ഇൻഡസ്‌ട്രിയിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന്, വൈശാഖും യുവതിയും കസേരയിൽ കയറി നിന്ന് ആത്‍മഹത്യ ചെയ്യാനായി കഴുത്തിൽ കുരുക്കിട്ടെന്നും, ശേഷം കസേര തട്ടിമാറ്റി യുവതിയെ കൊലപ്പെടുത്തി എന്നുമാണ് വൈശാഖൻ പോലീസിന് നൽകിയ മൊഴി.
യുവതി പ്രായപൂർത്തിയാകും മുൻപേ വൈശാഖൻ പീഡിപ്പിച്ചിരുന്നതായും പോലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ കുറച്ചുകാലമായി വിള്ളൽ വീണിരുന്നു. ബന്ധത്തെ കുറിച്ച് യുവതി പുറത്തു പറയുമെന്ന് പറഞ്ഞിരുന്നു. ഭാര്യയും കുടുംബവും ഇക്കാര്യം അറിയുമെന്ന് ഭയനാണ് വൈശാഖൻ കൊലപാതകം ആസൂത്രണം ചെയ്‌തതെന്ന് പോലീസ് പറയുന്നു. കസ്‌റ്റഡിയിലെടുത്ത വൈശാഖനെ പോലീസ് വിശദമായി ചോദ്യം ചെയ്യും.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക




































