തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മൽസരിക്കേണ്ടതില്ലെന്ന് തീരുമാനം. കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയിലാണ് ഇക്കാര്യം ഉയർന്നത്. ഭൂരിപക്ഷാഭിപ്രായം ഇതാണ്. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കും. ഇളവ് നൽകുന്നതിൽ ഉൾപ്പടെ ദേശീയ നേതൃത്വമാണ് അന്തിമതീരുമാനം എടുക്കുക.
തിരുവനന്തപുരത്ത് ഇന്ന് ചേർന്ന യോഗത്തിൽ സ്‌ഥാനാർഥി നിർണയം, പ്രചാരണ പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പ് വിഷയങ്ങൾ എന്നിവ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം അനുകൂല സാഹചര്യം നിലനിൽക്കുന്നതിനാൽ പരമാവധി തർക്കരഹിതമായ സ്‌ഥാനാർഥി നിർണയവും സീറ്റ് വിഭജനവും നടത്തുന്നതിന് മുൻഗണന നൽകാൻ യോഗത്തിൽ തീരുമാനമായി.
സിറ്റിങ് സീറ്റുകളിലും സംവരണ മണ്ഡലങ്ങളിലും ആദ്യഘട്ടത്തിൽ സ്‌ഥാനാർഥികളെ പ്രഖ്യാപിക്കും. ആരും സ്വയം സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തേത്തുന്ന സാഹചര്യം ഉണ്ടാകരുതെന്ന് യോഗം കർശന നിർദ്ദേശം നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്‌ഥിതിഗതികൾ സംബന്ധിച്ച് ഡിസിസി പ്രസിഡണ്ടുമാർ ഉൾപ്പടെ വിശദമായ ചർച്ചയും നടന്നു.
വിജയസാധ്യത മാത്രം പരിഗണിച്ചാവും സ്‌ഥാനാർഥി നിർണയം നടക്കുക. സാമുദായിക സന്തുലിതാവസ്‌ഥ പാലിക്കാൻ ശ്രദ്ധിക്കും. സുനിൽ കനഗോലു ടീം ഉൾപ്പടെ നടത്തിയ മൂന്ന് സർവേകളുടെ റിപ്പോർട്ടുകൾ ഗൗരവത്തോടെ പരിഗണിച്ചാവും സ്‌ഥാനാർഥി നിർണയം നടത്തുക.
പാർട്ടി പ്രവർത്തക സമിതി അംഗം എകെ ആന്റണി ഉൾപ്പടെ മുതിർന്ന നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും ഉൾപ്പടെ 37 പേരാണ് തിരഞ്ഞെടുപ്പ് സമിതിയിൽ ഉള്ളത്. പ്രവർത്തക സമിതി അംഗമായ ശശി തരൂർ യോഗത്തിന് എത്താതിരുന്നത് ചർച്ചയായി. വിദേശത്ത് ആയതിനാൽ യോഗത്തിന് എത്തില്ലെന്ന് തരൂർ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്.
Most Read| ‘മദർ ഓഫ് ഓൾ ഡീൽസ്’; വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും



































