പൂണെ: ബാരാമതിയിലെ വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം തകർന്നുവീണത്. വിമാനം നിയന്ത്രണം നഷ്‌ടപ്പെട്ട് തകർന്നു വീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു.
വിമാനത്തിൽ അജിത് പവാറിന് പുറമെ പിഎസ്ഒയും ഒരു അറ്റൻഡറും രണ്ട് ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. പലരും അപകട സ്‌ഥലത്ത് വെച്ച് തന്നെ മരിച്ചു. അജിത് പവാർ ഉൾപ്പടെയുള്ളവരെ സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിക്കുകയായിരുന്നു.
അടിയന്തിര ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം തകരുകയും പല കഷ്‌ണങ്ങളായി പിളരുകയായിരുന്നു. രാവിലെ എട്ടുമണിക്കാണ് അജിത് പവാർ മുംബൈയിൽ നിന്ന് പുറപ്പെട്ടത്. തുടർന്ന് 8.45നും 9നും ഇടയിലായിരുന്നു അപകടം. ബാരാമതിയിൽ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യാനായാണ് അദ്ദേഹം യാത്ര തിരിച്ചത്.
അപകടവിവരം ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സ്‌ഥിരീകരിച്ചു. അതേസമയം അപകട സ്‌ഥലത്ത് മൃതദേഹങ്ങൾ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. എൽ & എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ളാസ് ജെറ്റ് വിമാനമാണ്. ലിയർജെറ്റ് 45XR വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ഡിജിസിഎ ഉദ്യോഗസ്‌ഥർ അപകട സ്‌ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ലിയർജെറ്റ് 45 വിമാനമാണ് അപകടത്തിൽപ്പെട്ടത്. അജിത് പവാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ജനങ്ങളുടെ നേതാവായിരുന്നു അജിത് പവാറെന്നും മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്‌തിരുന്ന വ്യക്‌തിയാണ് അദ്ദേഹമെന്നും മോദി എക്‌സിലെ കുറിപ്പിൽ അറിയിച്ചു.
Most Read| ഓസ്‍ട്രേലിയ മാതൃക; കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ





































