ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി ജയറാമിന്റെ മൊഴിയെടുത്തത്. കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് നീക്കം.
ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെ കുറിച്ചാണ് എസ്ഐടി പ്രധാനമായും ചോദിച്ചറിഞ്ഞത്. കേസ് അന്വേഷണത്തിലെ സ്വാഭാവിക നടപടികളുടെ ഭാഗമായിട്ടാണ് വീട്ടിലെത്തി മൊഴിയെടുത്തതെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ 40 വർഷമായി ശബരിമലയിൽ എല്ലാവർഷവും ദർശനത്തിന് എത്തുന്നുണ്ട്. അവിടെ വെച്ചുള്ള പരിചയമാണ് പോറ്റിയുമായി ഉള്ളതെന്ന് ജയറാം മൊഴി നൽകി. പോറ്റി വഴിയാണ് ഗോവർധനെ പരിചയപ്പെട്ടത്. ശബരിമല ശ്രീകോവിലിലേക്ക് പുതുതായി നിർമിച്ച സ്വർണപ്പാളികൾ വീട്ടിൽ പൂജയ്ക്ക് വെച്ചാൽ ഐശ്വര്യമുണ്ടാകുമെന്ന് പോറ്റി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൂജ നടത്തിയത്. ഇതിന് പുറമെ ക്ഷേത്രത്തിൽ വെച്ചുനടന്ന പൂജയിൽ പങ്കെടുത്തതായും നടൻ മൊഴി നൽകി. സ്വർണപ്പാളികൾ ജയറാമിന്റെ വീട്ടിൽ പ്രദർശിപ്പിക്കുകയും പൂജയ്ക്ക് വയ്ക്കുകയും ചെയ്ത ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
തുടർന്ന് സ്വർണക്കവർച്ച സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ സ്വർണപ്പാളി തന്റെ വീട്ടിലെത്തിച്ച സംഭവം ജയറാം സ്ഥിരീകരിച്ചിരുന്നു. പോറ്റിയുമായി ശബരിമലയിൽ നിന്നുള്ള പരിചയമാണെന്നും തന്റെ കൈയിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ആയിരുന്നു ജയറാം അന്ന് പ്രതികരിച്ചത്.
ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം നേടി പുറത്തുപോകാൻ സാധ്യത നിലനിൽക്കുമ്പോഴാണ് എസ്ഐടി നിർണായക നീക്കങ്ങൾ നടത്തുന്നത്. പോറ്റിയെ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞെങ്കിലും കുറ്റപത്രം നൽകാത്തതോടെ സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങുകയാണ്.
ദ്വാരപാലകശിൽപ്പ തട്ടിപ്പ് കേസിൽ ഒക്ടോബർ 17നാണ് പോറ്റിയെ എസ്ഐടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളികളിലെ കവർച്ചയുമായി ബന്ധപ്പെട്ടത് പോറ്റിക്കെതിരെയുള്ള രണ്ടാമത്തെ കേസാണ്. നവംബർ മൂന്നിനാണ് ഈ കേസിൽ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ




































