ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയ് (56) ആത്മഹത്യ ചെയ്തു. സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് മരിക്കുകയായിരുന്നു എന്നാണ് വിവരം. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസിൽ വെച്ചാണ് സംഭവം. കൊച്ചി സ്വദേശിയാണ്.
കേന്ദ്ര ഏജൻസികളുടെ റെയ്ഡിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം. അതേസമയം, കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിനുള്ളിൽ നടത്തിയത് റെയ്ഡ് തന്നെയാണെന്ന് ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അശോക് നഗർ പോലീസെത്തി നടപടികൾ സ്വീകരിച്ചു വരികയാണ്.
സ്ഥാപനങ്ങളിൽ കുറച്ചുദിവസങ്ങളായി പരിശോധനകൾ നടന്നുവരികയായിരുന്നു. ഇതിൽ അദ്ദേഹം മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാർ പറയുന്നു. പോലീസ് ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണ്.
കൊച്ചി സ്വദേശിയായ റോയ് ജനിച്ചു വളർന്നത് ബെംഗളൂരുവിലാണ്. മെക്കാനിക്കൽ എൻജിനിയറിങ് ബിരുദത്തിന് ശേഷം സ്വിറ്റ്സർലൻഡിലെ എസ്ബിഎസ് ബിസിനസ് സ്കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവെച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്.
2006ൽ തുടക്കമിട്ട കോൺഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബംഗളൂരുവിലും റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ നടപ്പിലാക്കിയാണ് വളർന്നത്. സിനിമാ നിർമാതാവ് കൂടിയായ സിജെ. റോയ്, റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളിലൂടെയാണ് വ്യവസായ രംഗത്ത് പ്രശസ്തനാവുന്നത്. വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷൻ, എന്റർടെയ്ൻമെന്റ്, റീട്ടെയിൽ രംഗങ്ങളിലും പ്രവർത്തന മണ്ഡലം വ്യാപിപ്പിച്ചിരുന്നു. ഭാര്യ: ലിനി റോയ്. മക്കൾ: രോഹിത്, റിയ.
Most Read| ഓസ്ട്രേലിയ മാതൃക; കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ




































