വയനാട്: ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ മുതൽ കോസ്സ് ഗ്രൂപ്പ് സിസ്റ്റം കൊണ്ടുവരുമെന്ന് ജില്ല പോലീസ് മേധാവി ആർ. ഇളങ്കോ വ്യക്തമാക്കി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശത്തിലാണ് ജില്ലയിൽ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗവ്യാപനം ഉണ്ടാകുന്ന പ്രദേശത്തെ 50 വീടുകൾ വീതം കേന്ദ്രീകരിച്ചാണ് പുതിയ നിയന്ത്രണങ്ങൾ. കണ്ടൈൻമെന്റ് സോണുകളാക്കിയിരിക്കുന്ന പ്രദേശങ്ങളിൽ ജനമൈത്രി പോലീസിന്റെ സഹായത്തോടെ വൊളണ്ടിയർമാരെ നിശ്ചയിക്കും. പ്രദേശത്തെ താമസക്കാരുടെയും പഞ്ചായത്തിന്റെയും വാർഡ് മെമ്പർമാരുടെയും അഭിപ്രായം പരിഗണിച്ചായിരിക്കും വൊളണ്ടിയർമാരെ നിശ്ചയിക്കുക. പ്രദേശവാസികൾക്കുള്ള മരുന്നും ആവശ്യവസ്തുക്കളും നിശ്ചിത വൊളണ്ടിയർമാർ വീടുകളിൽ എത്തിച്ച് നൽകും. കണ്ടൈൻമെന്റ് സോണാക്കിയിരിക്കുന്ന മേഖലകളിൽ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ പേരും മറ്റു വിവരങ്ങളും ശേഖരിച്ച് വൊളണ്ടിയർമാർ പൊലീസിന് കൈമാറുകയും ചെയ്യും.
ജില്ലയിൽ അനുദിനം കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ. ഇന്നലെ ജില്ലയിൽ 48 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചിരുന്നു.








































