കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിച്ചതിനാൽ ഗുരുഗ്രാമിലെ മേഡാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അമിത് ഷാ മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രി വിട്ടത്. ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ആഗസ്റ്റ് 14ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് അധികൃതർ അറിയിച്ചു.
അദ്ദേഹമിപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഡോക്ടർ രൺദീപ് ഗുലെറിയ നേതൃത്വം നൽകുന്ന മെഡിക്കൽ സംഘത്തിനാണ് ചികിത്സയുടെ ചുമതല. തുടർച്ചയായുള്ള ശരീരവേദനയും ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് എയിംസ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.








































