കണ്ണൂർ: കണ്ണൂർ സിറ്റി തയ്യിലിൽ ഒന്നര വയസുകാരനെ മാതാവ് കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി നൽകിയ പുനരന്വേഷണ ഹരജി തള്ളി. കുഞ്ഞിന്റെ മാതാവായ ശരണ്യയുടെ കാമുകൻ വലിയന്നൂർ സ്വദേശി നിതിൻ നൽകിയ ഹരജിയാണ് കോടതി തള്ളിയത്. പൊലീസ് തന്നെ മനഃപൂർവം കേസിലേക്ക് വലിച്ചിഴതാണെന്ന വാദമുയർത്തിയാണ് നിതിൻ പുനരന്വേഷണത്തിനായി ഹരജി നൽകിയത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്.
കേസിലെ 27ആം സാക്ഷിയാണ് ശരണ്യയുടെ യഥാർഥ കാമുകനെന്നും, ഇടക്കിടെ മൊഴി മാറ്റിപ്പറയുന്ന ശരണ്യയെ പോളിഗ്രാഫോ, നാർക്കോ അനാലിസിസോ പോലുള്ള പരിശോധനകൾക്ക് വിധേയമാക്കണമെന്നും നിതിൻ ഹരജിയിൽ പറഞ്ഞു. എന്നാൽ പ്രതിക്ക് മേലുള്ള കുറ്റപത്രം നിലനിൽകുന്നതാണെന്ന് നിരീക്ഷിച്ചാണ് കോടതി ഹരജി തള്ളിയത്.
2020 ഫെബ്രുവരി 17നാണ് തയ്യിൽ കടപ്പുറത്ത് വീടിന് സമീപമുള്ള കടൽതീരത്തെ പാറക്കെട്ടുകൾക്കിടയിൽ ശരണ്യയുടെ മകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പിതാവിനൊപ്പം ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ രാത്രിയിൽ എടുത്തുകൊണ്ടുപോയി തൊട്ടടുത്ത കടലിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.
മകനെ കൊന്ന കുറ്റം ഭർത്താവിന്റെ മേൽ കെട്ടിവെച്ച് കാമുകനൊപ്പം ജീവിക്കാനായിരുന്നു ശരണ്യയുടെ ലക്ഷ്യമെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിൽ കുറ്റപത്രം സമർപ്പിച്ച് മാസങ്ങൾക്ക് ശേഷമാണ് പുതിയ വാദവുമായി നിതിൻ കോടതിയെ സമീപിച്ചത്.
Read also: കെടി ജലീലിനെ ചോദ്യം ചെയ്യാൻ കസ്റ്റംസും: നോട്ടീസ് നൽകി





































