കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎ രണ്ടാം പ്രതി. ജ്വല്ലറി മാനേജിങ് ഡയറക്‌ടറായ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാം പ്രതി. രണ്ടു പേർക്കും കേസിൽ തുല്യപങ്കാളിത്തമാണുള്ളതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എംഎൽഎ എന്ന സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ കമറുദ്ദീന് ജാമ്യം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കേസിൽ 60ഓളം സാക്ഷികളെ ചോദ്യം ചെയ്‌തു. നിക്ഷേപകർക്കുള്ള കരാറാണ് തെളിവുകളായി ലഭിച്ചിരിക്കുന്നത്. ഓരോ മാസവും ലാഭവിഹിതം നൽകാമെന്നും മുൻകൂറായി ആവശ്യപ്പെട്ടാൽ പണം തിരികെ നൽകാമെന്നും കരാറിൽ പറയുന്നുണ്ട്. എന്നാൽ കരാറിൽ എഴുതിയ പ്രകാരം നടപടികൾ ഉണ്ടായില്ല.
വഞ്ചനാകുറ്റത്തിന് ഐപിസി 420 പ്രകാരവും വിശ്വാസ വഞ്ചനക്ക് ഐപിസി 406 പ്രകാരവും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. പൊതുപ്രവർത്തകനെന്ന ജനസമ്മിതി ദുരുപയോഗം ചെയ്‌ത് തട്ടിപ്പ് നടത്തിയതിന് 409 പ്രകാരവും സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നത് പ്രകാരവും കമറുദ്ദീനെതിരെ കേസെടുത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീൻ എംഎൽഎയെ ശനിയാഴ്‌ചയാണ് എസ്ഐടി അറസ്‌റ്റ് ചെയ്‌തത്. ചന്തേര പൊലീസ് സ്‌റ്റേഷനിലെ മൂന്ന് കേസുകളിലാണ് നിലവിൽ അറസ്‌റ്റ് ചെയ്‌തത്. അകെ 115 കേസുകളാണ് കമറുദ്ദീൻ എംഎൽഎക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഇതിൽ 77 കേസുകളാണ് എസ്ഐടി അന്വേഷിക്കുന്നത്. ഈ കേസുകളിൽ മാത്രമായി 13 കോടിയുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
Read also: ലൈഫ് മിഷൻ; ഫയലുകൾ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്