തിരുവനന്തപുരം : ഭിന്നലിംഗ വിഭാഗത്തില്‍പെടുന്ന ആളുകള്‍ക്ക് നിയമസുരക്ഷ ഉറപ്പാക്കണമെന്ന നിര്‍ദേശവുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഭിന്നലിംഗക്കാരായ ആളുകള്‍ സമര്‍പ്പിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതില്‍ വിമുഖത ഉണ്ടാകാന്‍ പാടില്ലെന്നാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. ഒപ്പം തന്നെ പോലീസുകാരുടെ ഭാഗത്ത് നിന്നും ഭിന്നലിംഗക്കാരോട് എന്തെങ്കിലും തരത്തിലുള്ള മോശമായ പെരുമാറ്റമോ, വീഴ്ചകളോ ഉണ്ടായാല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭിന്നലിംഗക്കാരായ ആളുകളെ സമൂഹത്തില്‍ സാമൂഹികമായും, സാമ്പത്തികമായും, സാംസ്കാരികമായും ഉയര്‍ത്തുകയെന്ന ലക്ഷ്യം സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. അതിനാല്‍ തന്നെ അവ പ്രാവര്‍ത്തികമാക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്നുള്ള സഹകരണവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നീതിനിഷേധം സംബന്ധിച്ചോ, അതിക്രമം സംബന്ധിച്ചോ ഭിന്നലിംഗക്കാരായ ആളുകള്‍ സമര്‍പ്പിക്കുന്ന പരാതികളില്‍ ഉടന്‍ തന്നെ നിയമനടപടി സ്വീകരിക്കണം. ഒപ്പം തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗമെന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വം ആണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ തന്നെ അവരെ മുഖ്യധാരയില്‍ കൊണ്ടുവരാനായി ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read also : കോവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദം; ഉടൻ അനുമതി തേടുമെന്ന് ഫൈസർ







































