കണ്ണൂർ: പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങുന്ന ബൈക്ക് യാത്രികനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി തളിപ്പറമ്പ് പോലീസ്. ഏതുനിമിഷവും പ്രതി പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ആഴ്ചകൾക്കിടയിൽ രണ്ടു തവണയാണ് ഇയാൾ പറശ്ശിനിക്കടവിലേയും കോൾമൊട്ടയിലേയും പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങിയത്.
തളിപ്പറമ്പ് മന്നയിലെ ഹെൽമെറ്റ് ഷോപ്പിൽ നിന്ന് ഹെൽമെറ്റുമായി മുങ്ങിയതും ഇയാൾ തന്നെയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തളിപ്പറമ്പ് എസ് ഐ പിസി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ഒക്ടോബർ 24ന് മന്നയിലെ വീ ഹെൽപ് ഹെൽമെറ്റ് ഷോപ്പിൽ നിന്നും 1800 രൂപയുടെ ഹെൽമെറ്റ് എടുത്ത് ബൈക്കിൽ ഇരുന്ന് ഫോട്ടോ എടുപ്പിച്ച ശേഷം ഉടമയെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. ഫോർ രജിസ്ട്രേഷൻ സ്റ്റിക്കർ പതിച്ച കറുപ്പും മഞ്ഞയും നിറത്തിലുള്ള പൾസർ ബൈക്കിലാണ് ഇയാൾ എത്തിയത്.
ഇതിന് ശേഷമാണ് പറശ്ശിനിക്കടവിലേയും കോൾമൊട്ടയിലേയും പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ കടന്നുകളഞ്ഞത്. പെട്രോൾ പമ്പുകളിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നും ഹെൽമെറ്റ് ഷോപ്പിലെ ഉടമയുടെ ഫോണിൽ എടുത്ത ഫോട്ടോയിൽ നിന്നും ഒരാൾ തന്നെയാണ് ഇതെല്ലം ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. ഇതേത്തുടർന്ന് പൾസർ ബൈക്കുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്.
Malabar News: ആലപ്പുഴക്ക് പിന്നാലെ കോഴിക്കോട് എഎം നിലയത്തിനും പൂട്ടിടാനൊരുങ്ങി പ്രസാർ ഭാരതി







































