ന്യൂഡെൽഹി: പ്രണയത്തിനെതിരെയല്ല വെറുപ്പിനെതിരെയാണ് നിയമം കൊണ്ടുവരേണ്ടതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ‘ലൗ ജിഹാദ്’ കേസുകളില്‍ അഞ്ച് വര്‍ഷം വരെ കഠിന തടവ് ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം. “വെറുപ്പിനെതിരെയാണ്, പ്രണയത്തിനെതിരെയല്ല നിയമ നിര്‍മ്മാണം നടത്തേണ്ടതെന്ന് ഹിന്ദുത്വവാദികളോട് ആരാണ് പറഞ്ഞുകൊടുക്കുക,”- തരൂര്‍ ട്വീറ്റ് ചെയ്തു.
Who will tell the Hindutvavadis that we need to legislate against hate, not against love?
“Law Against ‘Love Jihad’ Soon, 5 Years’ Jail, Says Madhya Pradesh Minister”: https://t.co/i5SVEYE5d9— Shashi Tharoor (@ShashiTharoor) November 17, 2020
ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണത്തിന് ഒരുങ്ങുന്നതായി കർണ്ണാടക, ഹരിയാന സർക്കാരുകൾ അറിയിച്ച് ആഴ്ചകൾ മാത്രം പിന്നിടുമ്പോഴാണ് മധ്യപ്രദേശ് സർക്കാരും സമാന പ്രഖ്യാപനവുമായി എത്തിയത്. ലൗ ജിഹാദ് കേസുകളില്‍ കഠിന തടവ് ഏര്‍പ്പെടുത്തുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞിരുന്നു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും മിശ്ര വ്യക്തമാക്കിയിരുന്നു.
Related News: ലൗ ജിഹാദ്; അഞ്ച് വർഷം വരെ ശിക്ഷ ലഭിക്കാമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി
ജാമ്യമില്ലാ വകുപ്പ് വിഭാഗത്തിലാണ് ലൗ ജിഹാദ് കേസുകൾ ഉൾപ്പെടുത്തുക. മതം മാറ്റത്തിന് കൂട്ടുനിൽക്കുന്നവർക്കും ശിക്ഷയേർപ്പെടുത്തും. സാധാരണ മതപരിവർത്തനത്തിനും ചില നിർദേശങ്ങൾ മുന്നോട്ടുവെക്കും. മതം മാറ്റത്തിന് ഒരു മാസം മുമ്പ് ജില്ലാ കളക്ടറെ അറിയിക്കണമെന്നും നരോത്തം മിശ്ര പറഞ്ഞു.







































