മുംബൈ: ഇന്ത്യൻ ഓഹരിവിപണിക്ക് റെക്കോർഡ് നേട്ടം. ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും 0.7 ശതമാനം അധിക നേട്ടമാണ് ഇന്ന് ഉണ്ടാക്കിയത്. ബിഎസ്ഇ സെൻസെക്‌സ് 315 പോയിന്റ് ഉയർന്ന് 43,953 എന്ന നിലയിലെത്തി. നിഫ്റ്റി 12,874 ൽ 94 പോയിന്റാണ് ഉയർന്നത്. സെൻസെക്‌സ് വ്യാപാരം ആരംഭിച്ച ആദ്യ സെഷനുകളിൽ നിർണായകമായ 44,000 മാർക്ക് തൊട്ടു.
ഇന്നത്തെ നേട്ടത്തോടെ ബിഎസ്ഇ ലിസ്‌റ്റ് ചെയ്‌ത കമ്പനികളുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ (എം-ക്യാപ്) 170 ട്രില്യൺ കടന്നു. നിലവിൽ 170.59 ട്രില്യൺ ആണ് മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ. ബാങ്കുകളും മെറ്റൽ സ്‌റ്റോക്കുകളും മികച്ച നേട്ടം കൈവരിച്ചു. നിഫ്റ്റി ബാങ്ക് 587 പോയിന്റ് ഉയർന്ന് 29,181 നേട്ടത്തിൽ എത്തി.
കോവിഡ് വാക്‌സിൻ വാർത്തകൾ ഏഷ്യൻ ഓഹരികളിൽ ചലനമുണ്ടാക്കി. പല പ്രധാന ഓഹരിവിപണികളും താൽക്കാലിക നേട്ടമുണ്ടാക്കി. യൂറോപ്യൻ രാജ്യങ്ങൾ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുളള നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ അവിടെ ഓഹരിവിപണികളിൽ ഇടിവുണ്ടാക്കി.
ഒപെക്കും സഖ്യകക്ഷികളും എണ്ണ ഉൽപാദനം വെട്ടിക്കുറച്ച തീരുമാനം നീട്ടാനുള്ള സാധ്യത തെളിഞ്ഞതോടെ ക്രൂഡ് ഓയിൽ വിപണി ഉണർന്നു. ഉൽപ്പാദനം മൂന്ന് മാസത്തേക്ക് എങ്കിലും നീട്ടാനുള്ള സാധ്യതകൾ ക്രൂഡ് ഓയിൽ വില ഉയർത്തിയേക്കും.
Read Also: സ്‌നേഹം സെലിബ്രിറ്റികളോട് മാത്രം; എഡിറ്റേഴ്‌സ് ഗില്‍ഡില്‍ നിന്ന് രാജിവെച്ച് പട്രീഷ്യ മുഖിം








































