റിയാദ്: ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ചര്‍ച്ചകള്‍ തുടരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാനിരോധനം നീക്കുക, എയര്‍ ബബിള്‍ കരാര്‍ ഒപ്പിടുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ചർച്ചകൾ നടക്കുന്നതായി എംബസി വൃത്തങ്ങൾ അറിയിച്ചു.
റിയാദിലെ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡിസിഎം) എൻ റാംപ്രസാദ് വിഷയവുമായി ബന്ധപ്പെട്ട് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതരുമായി കൂടിക്കാഴ്‌ച നടത്തി.
സിവിൽ ഏവിയേഷൻ അതോറിറ്റി അസിസ്‌റ്റന്റ് പ്രസിഡന്റ് ഡോ. ബദര്‍ അല്‍സഗ്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഡിസിഎം എൻ റാംപ്രസാദ് കണ്ടത്. എംബസി സെക്കന്‍ഡ് സെക്രട്ടറി അസീം അന്‍വറും ചർച്ചയിൽ പങ്കെടുത്തു.
രണ്ട് ദിവസം മുമ്പ് അംബാസിഡര്‍ ഡോ. ഔസാഫ് സഈദ് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മന്ത്രി അബ്‌ദുറഹ്‌മാൻ അല്‍ഐബാന്‍, അസിസ്‌റ്റന്റ് ഡെപ്യൂട്ടി മന്ത്രി സാറ അല്‍സഈദ് എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.
സൗദി ആരോഗ്യ മന്ത്രാലയമാണ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും എംബസി അധികൃതര്‍ വ്യക്‌തമാക്കി.
Read Also: ‘രാജ്യത്ത് കോവിഡ് വാക്‌സിൻ നാല് മാസങ്ങൾക്കകം അവതരിപ്പിക്കും’; കേന്ദ്ര ആരോഗ്യമന്ത്രി








































