വയനാട്: നിരോധനം മറികടന്ന് കുറുമ്പാലക്കോട്ടയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കളക്‌ടറുടെ നിരോധനം മറികടന്ന് അയൽ ജില്ലകളിൽ നിന്നും മലമുകളിൽ എത്തിയ 35 സഞ്ചാരികൾക്ക് കമ്പളക്കാട് പോലീസ് പിഴ ചുമത്തി. നിയന്ത്രണങ്ങൾ ലംഘിച്ചതിനും സാമൂഹികാകലം പാലിക്കാത്തതിനുമാണ് പോലീസ് നടപടി സ്വീകരിച്ചത്.
വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ നിയന്ത്രണങ്ങളോടെ തുറന്നെങ്കിലും കുറുമ്പാലക്കോട്ട, അമ്പുകുത്തി മല എന്നിവിടങ്ങളിലേക്ക് വരുന്ന സഞ്ചാരികൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനെ തുടർന്ന് പ്രവേശനം വിലക്കിയിരുന്നു. വിനോദ സഞ്ചാരികളുടെ പ്രവേശനം ഞായറാഴ്‌ച മുതൽ നിരോധിച്ച് കളക്‌ടർ ഡോ. അദീല അബ്‌ദുള്ളയാണ് ഉത്തരവിട്ടത്.
മലമുകളിൽ എത്തുന്ന സഞ്ചാരികൾ മദ്യപിക്കുകയും നിരോധിത പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതായും പ്ളാസ്‌റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ തള്ളുന്നതായും പരാതികളുണ്ട്.
മലമുകളിൽ ആൾത്താമസം ഉള്ളതിനാൽ ഇവിടേക്കുള്ള റോഡുകൾ അടക്കാനാവില്ല. അതിനാൽ കുറുമ്പാലക്കോട്ട മലയിലേക്കുള്ള വഴിയോരങ്ങളിലെല്ലാം സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി കമ്പളക്കാട് പോലീസ് നോട്ടീസ് പതിച്ചിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് സഞ്ചാരികൾ എത്തിയത്.
ഇവിടങ്ങളിൽ പട്രോളിങ് ശക്‌തമാക്കുമെന്നും വരും ദിവസങ്ങളിൽ നിരോധനം ലംഘിച്ചാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും കമ്പളക്കാട് എസ് ഐ സി രാംകുമാർ വ്യക്‌തമാക്കി.
Malabar News: വരൾച്ചാ സാധ്യത; പഴശ്ശിയിൽ ഷട്ടറടച്ച് ജലസംഭരണം തുടങ്ങി







































