ദോഹ: കോവിഡിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവെച്ച ഇന്ത്യയിലെ ഖത്തർ വിസാ സെന്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനം. ഡിസംബർ മൂന്ന് മുതലാണ് പ്രവർത്തനം പുനരാരംഭിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബര്‍ 15 മുതല്‍ വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിച്ചതോടെയാണ് ഇന്ത്യയിലെ സെന്ററുകള്‍ തുറക്കുന്നത്. കൊച്ചി, മുംബൈ, ഡെല്‍ഹി, കൊല്‍ക്കത്ത, ലഖ്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിങ്ങനെ ഏഴു കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്.
കോവിഡിന്റെ തുടക്കത്തിൽ തന്നെ ഖത്തർ പുതിയ വിസാ നടപടികൾ നിർത്തിവെച്ചിരുന്നു. ഇതേത്തുടർന്ന് ഇന്ത്യക്കാർക്ക് അടക്കം പുതിയ വിസകളിൽ ഖത്തറിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കമ്പനികൾക്ക് പുതിയ വിസകൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം തൊഴിൽ മന്ത്രാലയം അടുത്തിടെ ഏർപ്പെടുത്തിയിരുന്നു.
അതേസമയം, പുതിയ തൊഴിൽ വിസയിൽ ഖത്തറിലേക്ക് എത്തുന്നവർക്കും പ്രവേശന, ക്വാറന്റെയ്ൻ വ്യവസ്‌ഥകൾ ബാധകമാണ്. തൊഴിലാളികൾക്കായി തൊഴിലുടമകളാണ് എൻട്രി പെർമിറ്റിനായി അപേക്ഷിക്കേണ്ടത്. ഖത്തറിലെത്തുന്ന തൊഴിലാളികൾ 14 ദിവസം ഹോട്ടൽ ക്വാറന്റെയ്നിൽ കഴിയണം. ഇതിന്റെ ചിലവ് തൊഴിലുടമയാണ് വഹിക്കേണ്ടത്.
വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുകൾ ആരംഭിച്ചിട്ടും ഖത്തർ വിസാ സെന്ററുകൾ തുറക്കാത്തതിനാൽ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കമ്പനികൾക്ക് സാധിച്ചിരുന്നില്ല. എന്നാൽ പുതിയ തീരുമാനം കമ്പനികൾക്കും പ്രവാസികൾക്കും ഒരുപോലെ ആശ്വാസം നൽകുകയാണ്.
Also Read: ദേശീയ ദിനാഘോഷം; 1300ലേറെ തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ







































