കോഴിക്കോട്: കോവിഡ് പ്രതിരോധ രംഗത്തെ പുതിയൊരു മാതൃക സൃഷ്‌ടിച്ചുകൊണ്ട് മെഡിക്കൽ കോളേജിലെ കോവിഡ് ടെലി ഐസിയുവിന്റെ പ്രവർത്തനം ആരംഭിച്ചു. ജില്ലാ ഭരണകൂടവും മെഡിക്കല്‍ കോളേജും നാഷണല്‍ ഹെല്‍ത്ത് മിഷനും ആസ്‌റ്റർ മിംസും സംയുക്‌തമായാണ് പദ്ധതി നടപ്പിലാക്കിയത്.
കോവിഡ് ഐസിയുകളെ ബന്ധിപ്പിക്കുന്ന ഐസിയു ഗ്രിഡ് കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ പ്രവര്‍ത്തന സജ്ജമായി. പല സ്‌ഥലങ്ങളിലുമുള്ള ഐസിയുകളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ കമാന്‍ഡ് റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോഡ് മെഡിക്കല്‍ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവയിലെ ഐസിയുകള്‍, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയുകള്‍ എന്നിവയാണ് കമാന്‍ഡ് റൂമുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ഇതുവഴി മെഡിക്കല്‍ കോളേജിലെ പ്രഗൽഭരായ ഡോക്‌ടർമാരുടെ സേവനം ഈ ജില്ലകളിലും ലഭ്യമാവും.
കമാന്‍ഡ് റൂം ഒരുക്കുന്നതിനായി കോഴിക്കോട് ആസ്‌റ്റർ മിംസ് 4.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ലഭ്യമാക്കി. ടെലിറൗണ്ട്‌സ് വഴി രോഗികളെ പരിശോധിക്കാം. രോഗികളുടെ വിവിധ വിവരങ്ങള്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ വഴി പരിശോധിക്കാന്‍ സാധിക്കും.
ഹൈ ഡെഫിനിഷന്‍ ക്യാമറകള്‍ വഴി വീഡിയോ കണ്‍സല്‍റ്റേഷന്‍ സൗകര്യവും പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ കലക്‌ടർ സാംബശിവ റാവു കോവിഡ് ടെലി ഐസിയു സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ശ്രീജയന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ നവീന്‍ എന്നിവരും കലക്‌ടര്‍ക്ക് ഒപ്പം സന്ദര്‍ശനം നടത്തി.
Read Also: രവീന്ദ്രന്റെ കോവിഡ് ഗൂഢാലോചന, സ്വർണക്കടത്തിൽ കസ്‌റ്റംസിനും പങ്ക്; കെ സുരേന്ദ്രൻ







































