ലക്നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അവിശ്വനീയ തോൽവി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ ഇവിടെ 2 സീറ്റുകളാണ് ബിജെപിക്ക് നഷ്ടമായത്. നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് ബിജെപി ഇവിടെ പരാജയം അറിയുന്നത്. രണ്ടിടത്തും എസ്പി സ്ഥാനാർഥികളാണ് വിജയിച്ചത്.
നിയമസഭ കൗൺസിലിലേക്ക് വാരണാസി ഡിവിഷനിൽ നിന്ന് അധ്യാപകർക്കും ബിരുദധാരികൾക്കും സംവരണം ചെയ്ത സീറ്റുകളിലാണ് ബിജെപിക്ക് തോൽവി. ബിരുദധാരികളുടെ സീറ്റിൽ അശുതോഷ് സിൻഹയും അധ്യാപരുടെ സീറ്റിൽ ലാൽ ബിഹാരി യാദവും നേട്ടം കൊയ്തു.
11 സീറ്റുകളിലേക്കാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഫലം വന്ന 9 സീറ്റുകളിൽ ബിജെപി നാലിടത്തും എസ്പി മൂന്ന് സീറ്റുകളിലും ജയിച്ചു. സ്വതന്ത്ര്യർ രണ്ടിടത്തും വിജയം നേടി. ബിജെപിയുടെ ശക്തികേന്ദ്രത്തിൽ നേടിയ വിജയം എസ്പിക്കും അപ്രതീക്ഷിതമാണ്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് ശക്തികേന്ദ്രമായ നാഗ്പൂരിലും ബിജെപി കനത്ത തിരിച്ചടിയേറ്റിരുന്നു. 58 വർഷത്തെ തുടർവിജയത്തിന് ശേഷമാണ് ബിജെപി കഴിഞ്ഞ ദിവസം നാഗ്പൂരിൽ തോൽവി അറിഞ്ഞത്.
Read also: കേരളത്തിലെ ജയിലുകൾ കോവിഡ് വ്യാപന കേന്ദ്രങ്ങളെന്ന് സുപ്രീം കോടതിയിൽ ഹരജി




































