കണ്ണൂർ: പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണ്ണൂരിൽ എത്തും. ഇന്ന് മുതൽ അഞ്ചു ദിവസം കണ്ണൂരിൽ തുടരുന്ന അദ്ദേഹം സ്വന്തം മണ്ഡലമായ ധര്‍മ്മടത്തെ സിപിഎമ്മിന്റെ പഞ്ചായത്ത് കമ്മറ്റി തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. കോവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രി ഇറങ്ങാത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. സ്വന്തം മുഖ്യമന്ത്രിയെ പോലും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണ് ഇടതുമുന്നണി എന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
അതേസമയം, മുഖ്യമന്ത്രിക്ക് ജനങ്ങളെ കാണാൻ ഭയമാണ് എന്നായിരുന്നു കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയപ്പെടുന്ന പിണറായി തിരെഞ്ഞടുപ്പുകാലത്ത് ഒളിച്ചിരുന്നു പ്രസംഗിക്കുകയാണ്. ജനങ്ങളാൽ വെറുക്കപ്പെട്ടുവെന്ന തിരിച്ചറിവാണ് അദ്ദേഹത്തെ ഭയപ്പെടുത്തുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
Also Read: ഇഡി അന്വേഷണം; രേഖകൾ ഇന്ന് ഹാജരാക്കുമെന്ന് ഊരാളുങ്കൽ സൊസൈറ്റി







































