കൊല്ലം: കൊല്ലത്ത് പ്രിസൈഡിങ് ഓഫീസർക്ക് എതിരെ പരാതിയുമായി കോൺഗ്രസ്. സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നം പതിച്ച മാസ്‌ക് ധരിച്ചാണ് പ്രിസൈഡിങ് ഓഫീസർ ഡ്യൂട്ടിക്ക് എത്തിയതെന്നാണ് യുഡിഎഫിന്റെ പരാതി. ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളം പതിച്ച മാസ്‌ക് ധരിച്ചാണ് ഇവര്‍ ബൂത്തിലെത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. കൊല്ലം ജോണ്‍സ് കശുവണ്ടി ഫാക്‌ടറി ഒന്നാം നമ്പര്‍ ബൂത്തിലെ ഉദ്യോഗസ്‌ഥക്ക് എതിരെയാണ് കോൺഗ്രസിന്റെ പരാതി. ഇതിനെ നിയമപരമായി നേരിടുമെന്ന് ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്‌ണ പറഞ്ഞു. പരാതിയെത്തുടർന്ന് ഉദ്യോഗസ്‌ഥയെ മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കളക്‌ടർക്ക് നിര്‍ദേശം നൽകി.
അതേസമയം, ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ മണിക്കൂറിൽ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് രാവിലെ മുതൽ കാണാൻ കഴിയുന്നത്.
ഇതിനിടെ ചില ബൂത്തുകളിൽ വോട്ടിംഗ് മെഷീന് തകരാർ സംഭവിച്ചു. തിരുവനന്തപുരം നഗരസഭയിലെ രണ്ട് ബൂത്തുകളിലും ആലപ്പുഴയിലെ രണ്ട് ബൂത്തിലും കൊല്ലത്തെ ഒരു ബൂത്തിലുമാണ് മെഷീനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. മോക്ക് പോളിംഗ് സമയത്ത് തന്നെ തിരുവനന്തപുരത്തെ രണ്ട് ബൂത്തുകളില്‍ തകരാര്‍ കണ്ടെത്തിയിരുന്നു.
Also Read: ‘യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ, വൻ വിജയം നേടും’; രമേശ് ചെന്നിത്തല







































