തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ഗുരുതര ആരോപണവുമായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന് പങ്കുണ്ടെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്.
മന്ത്രിമാരും സ്‌പീക്കറും സ്വർണക്കടത്തിനായി സഹായങ്ങൾ നൽകിയിട്ടുണ്ട്. അധോലോക സംഘങ്ങളെ സഹായിക്കാൻ നേതാക്കൾ പദവികൾ ദുരുപയോഗം ചെയ്‌തത് ഞെട്ടിക്കുന്നു. സ്‌പീക്കറുടെ വിദേശയാത്രകൾ പലതും ദുരൂഹമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
സ്വർണക്കടത്തിൽ ഒരു ഉന്നതന് പങ്കുണ്ടെന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകൾ പ്രചരിച്ചിരുന്നു. ഭഗവാന്റെ പേരുള്ള ആളാണ് ഈ പ്രമുഖനെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ രംഗത്ത് വന്നത് വിവാദമായിരുന്നു.
യുഡിഎഫിന് എതിരെയും സുരേന്ദ്രൻ വിമർശനം ഉന്നയിച്ചു. പാലാരിവട്ടം പാലം അഴിമതിയിൽ കൂടുതൽ ലീഗ് എംഎൽഎമാർ അകത്താകുമെന്നും സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 14 മന്ത്രിമാർക്ക് എതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ എൽഡിഎഫ് പൂഴ്‍ത്തിയെന്നും സുരേന്ദ്രൻ പറഞ്ഞു.
Also Read: ‘യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ, വൻ വിജയം നേടും’; രമേശ് ചെന്നിത്തല






































