ന്യൂഡെല്‍ഹി : രാജ്യത്ത് നടക്കുന്ന കര്‍ഷക സമരങ്ങളുടെ ഭാഗമായി ഇന്ന് നടക്കുന്ന ഭാരത് ബന്ദില്‍ സമരത്തിന് അനുകൂലമായി എത്തുന്ന നേതാക്കളെ കൂട്ടത്തോടെ അറസ്‌റ്റ് ചെയ്യുന്നു. ബിലാസ്‌പൂരില്‍ നിന്നും സിപിഎം നേതാവ് കെകെ രാഗേഷ് എംപി, കിസാന്‍ സഭ അഖിലേന്ത്യാ നേതാവ് പി കൃഷ്‌ണപ്രസാദ്, മറിയം ധാവളെ എന്നിവരെയും ഗുജറാത്തില്‍ നിന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം അരുണ്‍ മേത്തയെയും അറസ്‌റ്റ് ചെയ്‌തു. കൂടാതെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും യുപി പോലീസ് കസ്‌റ്റഡിയിലെടുത്തു.
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി താന്‍ വീട്ടുതടങ്കലില്‍ ആണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള അവരുടെ വീടിന് മുന്നില്‍ വലിയ പോലീസ് സന്നാഹമാണുള്ളത്. ഒപ്പം തന്നെ ഉത്തര്‍പ്രദേശില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വ്യാപകമായി അറസ്‌റ്റ് ചെയ്യുന്നുണ്ടെന്ന് പ്രിയങ്ക ഗാന്ധിയും വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലും, മധുരയിലും കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തുന്ന നിരവധി ആളുകളെ പോലീസ് തടഞ്ഞു വച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
കര്‍ഷക സമരത്തിനെതിരെ ശക്‌തമായി തിരിച്ചടിക്കാനുള്ള നീക്കമാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാരും പോലീസും നടത്തുന്നത്. സമരത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള നേതാക്കളെ എല്ലാം തന്നെ വീട്ടു തടങ്കലില്‍ ആക്കുകയും, സമരമുഖത്ത് എത്തുന്നവരെ അറസ്‌റ്റ് ചെയ്‌തു നീക്കുകയും ചെയ്യുകയാണ്. ഇതേ സമയം തന്നെ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ വീട്ടുതടങ്കലില്‍ ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്‌മി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു നേതാക്കളെ സന്ദര്‍ശിച്ച ശേഷം മടങ്ങിയെത്തിയപ്പോഴാണ് വീട്ടുതടങ്കലില്‍ ആക്കിയതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.
Read also : ബോധപൂര്‍വം സ്‌പീക്കറെ അപമാനിക്കാന്‍ ശ്രമം; എ വിജയരാഘവന്‍







































