തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് സിഎം രവീന്ദ്രന്‍ നാളെയും ഇഡിയുടെ മുന്നില്‍ ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ തുടരുകയാണെന്നാണ് നല്‍കുന്ന വിശദീകരണം. കടുത്ത ക്ഷീണവും ആരോഗ്യപ്രശ്‌നങ്ങളുമുള്ള സാഹചര്യത്തില്‍ ആശുപത്രിയില്‍ തുടരുന്ന രവീന്ദ്രന് തലച്ചോറിന്റെ എംആര്‍ഐ സ്‌കാന്‍ എടുക്കണമെന്നാണ് ഡോക്‌ടർമാരുടെ നിര്‍ദേശം. അതിനാല്‍ തന്നെ അവ പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഡിസ്‌ചാര്‍ജ് ചെയ്യുകയുള്ളൂ.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ആദ്യം ഇഡി നോട്ടീസ് അയച്ച സമയത്താണ് രവീന്ദ്രന് കോവിഡ് സ്‌ഥിരീകരിച്ചത്. തുടര്‍ന്ന് കോവിഡ് ഭേദമായ ശേഷം ഇഡി നോട്ടീസ് അയച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വീണ്ടും രവീന്ദ്രന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ പ്രവേശിച്ചു. അവിടെ വച്ച് ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം സംസ്‌ഥാന നേതൃത്വം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ആശുപത്രി വിട്ട രവീന്ദ്രന്‍ വീട്ടില്‍ ചികില്‍സ തുടര്‍ന്ന സാഹചര്യത്തിലാണ് ഇഡി വീണ്ടും നോട്ടീസ് അയച്ചത്. എന്നാല്‍ ഇന്നലെ വീണ്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.
ഇതോടെ ഇഡി മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ അനിശ്‌ചിതത്വത്തില്‍ തന്നെ തുടരുകയാണ്. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിലൂടെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഉന്നതരുടെ വിവരങ്ങളില്‍ വ്യക്‌തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇഡി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത്.
Read also : രവീന്ദ്രൻ ഇഡിക്ക് മുമ്പിൽ ഹാജരായാൽ പല ഉന്നതരും കുടുങ്ങും; ചെന്നിത്തല







































