സൗദി : എക്‌സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തുടരുന്ന ആളുകളിൽ നിന്നും 1000 റിയാല്‍ പിഴയായി ഈടാക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. കാലാവധി കഴിഞ്ഞ വിസ റദ്ദാക്കുന്നതിനും പുതിയ വിസ അനുവദിക്കുന്നതിനുമാണ് പിഴ ഈടാക്കുന്നത്. കൂടാതെ പുതിയ വിസ അനുവദിക്കണമെങ്കില്‍ ഇഖാമ കാലാവധി ഉള്ളതായിരിക്കണമെന്ന നിബന്ധനയും അധികൃതര്‍ മുന്നോട്ട് വെക്കുന്നുണ്ട്. അല്ലാത്തപക്ഷം ഇഖാമ പുതുക്കിയ ശേഷം മാത്രമേ പുതിയ വിസ അനുവദിക്കുകയുള്ളൂ.
രാജ്യത്ത് നിന്നും പുറത്തു പോകാനായി എക്‌സിറ്റ് വിസയോ റീ എന്‍ട്രി വിസയോ നേടിയ ശേഷം അതിന്റെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ട് പുറത്തു പോകാത്ത ആളുകള്‍ക്കെതിരെയാണ് പിഴ ചുമത്തുന്നത്. സൗദിയില്‍ ഈ നിയമം നേരത്തെ ഉണ്ടായിരുന്നതാണെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇതിന് ഇളവ് നല്‍കിയിരുന്നു. കോവിഡ് വ്യാപന സമയത്ത് രാജ്യത്ത് നിലവില്‍ വന്ന ഇളവുകളില്‍ ഇത്തരക്കാര്‍ക്ക് പിഴ ഈടാക്കുന്നത് ഒഴിവാക്കുകയും, സൗജന്യമായി വിസ പുതുക്കി നല്‍കുകയും ചെയ്‌തിരുന്നു.
കോവിഡ് വ്യാപന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ രാജ്യം വിട്ട് പോകാനുള്ള അവസരങ്ങള്‍ വീണ്ടും പുനഃസ്‌ഥാപിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും പിഴ ഈടാക്കാനുള്ള തീരുമാനത്തില്‍ അധികൃതര്‍ എത്തിച്ചേര്‍ന്നത്. കൂടാതെ രാജ്യത്തെ തൊഴില്‍ നിയമ പരിഷ്‌കരണം അടുത്ത വര്‍ഷം മാര്‍ച്ചോടെ നിലവില്‍ വരുമെന്നും, ശേഷം തൊഴിലാളികള്‍ക്ക് എക്‌സിറ്റ്, റീ എന്‍ട്രി വിസകള്‍ സ്വയം ഇഷ്യൂ ചെയ്യുന്നതിനുള്ള അവസരം ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.
Read also : വിറകുകൾ വിൽക്കാൻ ശ്രമം; ഇന്ത്യക്കാരടക്കം 69 പേർ പിടിയിൽ, 188 വാഹനങ്ങൾ പിടിച്ചെടുത്തു







































