അല്‍ ഐന്‍: ഇന്ന് മുതല്‍ യുഎഇയിലെ സ്കൂളുകളില്‍ ശൈത്യകാല അവധി ആരംഭിക്കുന്നു. മൂന്നാഴ്ചത്തേക്ക് ഓണ്‍ലൈന്‍ പഠനത്തിനും നേരിട്ടുള്ള പഠനരീതിക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അവധിക്ക് ശേഷം 2021 ജനുവരി മൂന്നിനാണ് സ്കൂളുകള്‍ വീണ്ടും തുറക്കുക.
കുട്ടികള്‍ സ്കൂളിലെത്തിയുള്ള പഠനവും വീട്ടില്‍ തന്നെ ഇരുന്നുകൊണ്ടുള്ള ഓണ്‍ലൈന്‍ പഠനവും ഒരുമിച്ചുള്ള രീതിയാണ് സ്കൂളുകളില്‍ കഴിഞ്ഞ പാദത്തില്‍ നടന്നിരുന്നത്. രക്ഷിതാക്കള്‍ക്ക് ഏത് രീതി സ്വീകരിക്കണമെന്നതില്‍ തീരുമാനമെടുക്കാന്‍ അവസരമുണ്ടായിരുന്നു. താഴെ ക്ളാസുകളിലെയും വിവിധ ബോര്‍ഡ് പരീക്ഷകളുമുള്ള കുട്ടികളുമാണ് സ്കൂളില്‍ നേരിട്ട് വന്നിരുന്നത്.
നേരത്തെയുള്ളത് പോലെതന്നെ ശൈത്യകാല അവധിക്ക് ശേഷവും മുഴുവന്‍ ക്ളാസുകളിലും നേരിട്ടോ ഓണ്‍ലൈനായോ ഉള്ള പഠന രീതി തിരഞ്ഞെടുക്കാന്‍ രക്ഷിതാക്കള്‍ക്ക് അവസരമുണ്ടാകും എന്നാണ് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന വിവരം. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനകള്‍ക്ക് ഇടയിലാണ് സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചത്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്കൂള്‍ ജീവനക്കാര്‍ക്ക് സൗജന്യ കോവിഡ് പരിശോധനയും നടത്തിയിരുന്നു.
ഇന്നലെ ആയിരുന്നു ഏഷ്യന്‍ സ്കൂളുകളുടെ രണ്ടാം പാദത്തിന്റെയും ഏഷ്യന്‍ ഇതര പാഠ്യപദ്ധതിയിലുള്ള സ്കൂളുകളുടെ ആദ്യ പാദത്തിന്റെയും അവസാനം. പൊതുവേ ഈ പാദത്തിലാണ് കലാകായിക മല്‍സരങ്ങളും പഠനയാത്രകളും മറ്റ് ആഘോഷ പരിപാടികളുമൊക്കെ നടത്താറുള്ളത്. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും മല്‍സരങ്ങളും കായിക പരിശീലങ്ങളുമൊക്കെ ഓണ്‍ലൈനിലൂടെയാണ് സംഘടിപ്പിച്ചത്.
അതേസമയം അവധിക്കാലത്തില്‍ സാധാരണ അനുഭവപ്പെടാറുള്ള തിരക്കുകളൊന്നും വിമാനത്താവളത്തിലില്ല. കോവിഡിനെ തുടര്‍ന്ന് പല കുട്ടികളും നേരത്തെ തന്നെ നാട്ടില്‍ എത്തിയതിനാനാലും നാട്ടിലെ ക്വാറന്റീനും തിരിച്ചെത്തുമ്പോഴുള്ള ക്വാറന്റീനും സുരക്ഷയും മുന്‍നിര്‍ത്തി പലരും അവധി യാത്ര ഒഴിവാക്കിയതിനാലും ആണ് ഇത്. എന്നിരുന്നാലും ക്രിസ്മസ്, പുതുവല്‍സരം, തിരഞ്ഞെടുപ്പ് എന്നിവ മുന്നില്‍ക്കണ്ട് വിമാനക്കമ്പനികള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്.
Read Also: ബിജെപിയുടെ താമര ചിഹ്നം റദ്ദാക്കണം; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി






































