സിഡ്‌നി: കോവിഡ് പ്രതിരോധ വാക്‌സിൻ വികസിപ്പിക്കുന്നതിനിടെ നിരവധി ആരോപണങ്ങളും പരാതികളും വിവിധ രാജ്യങ്ങൾക്ക് എതിരെ ഉയർന്നിരുന്നു. നിലവിൽ അങ്ങനെയൊരു പ്രതിസന്ധി നേരിടുകയാണ് ഓസ്‌ട്രേലിയ. രാജ്യത്ത് വികസിപ്പിച്ചെടുത്ത v451 വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണത്തിന് വിധേയരായ പല ആളുകളിലും എച്ഐവിക്കെതിരായ (എയ്‌ഡ്‌സ്) ആന്റിബോഡിയാണ് ഉൽപാദിപ്പിക്കപ്പെട്ടത്.
എച്ഐവിക്കെതിരായ ആന്റിബോഡി ഉൽപാദിപ്പിക്കപ്പെട്ടെങ്കിലും ആർക്കും എച്ഐവി അണുബാധ ഇല്ലെന്ന് വാക്‌സിൻ നിർമാതാക്കളായ ക്വീൻസ്‌ളാന്റ് യൂണിവേഴ്‌സിറ്റിയും സിഎസ്എൽ എന്ന ബയോടെക് കമ്പനിയും അറിയിച്ചു. ഇത്തരത്തിൽ ‘പ്രതിരോധ ശേഷി’ സംബന്ധമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പരീക്ഷണത്തിൽ പങ്കെടുക്കുന്നവരെ അറിയിച്ചിരുന്നുവെന്നും നിർമാതാക്കൾ അറിയിച്ചു.
Also Read: കർഷക പ്രക്ഷോഭം അവസാനിപ്പിക്കണം; അഭ്യർഥനയുമായി മന്ത്രി
എങ്കിലും, വാക്‌സിന്റെ പരീക്ഷണ ഘട്ടത്തിൽ ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നതോടെ രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണം ഓസ്‌ട്രേലിയൻ ഗവൺമെന്റ് താൽകാലികമായി നിർത്തി വെച്ചിരിക്കുകയാണ്. വാക്‌സിൻ ഏത് തരത്തിൽ പ്രതികരിക്കുമെന്ന് മനസിലാക്കുന്നതിന് വേണ്ടിയാണിത്. നിലവിൽ പരീക്ഷണത്തിൽ പങ്കെടുത്ത ആരും തന്നെ സുരക്ഷാ ഭീഷണി നേരിടുന്നില്ലെന്നും അത്തരത്തിലുള്ള ഭയം വേണ്ടെന്നും ഗവൺമെന്റ് അറിയിച്ചു.







































