ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തി വരുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ച ഡെല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ചില്ല ഗതാഗതത്തിനായി ശനിയാഴ്‌ച രാത്രി വീണ്ടും തുറന്നു.
പ്രതിരോധ മന്ത്രിയുമായും കൃഷി മന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
‘ഞങ്ങളുടെ നേതാവ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമെന്ന് ഉറപ്പുണ്ട്, അതിനാല്‍ ഞങ്ങള്‍ റോഡ് തുറന്നു’, പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന ഒരു കര്‍ഷകന്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.
ആഗ്ര-ഡെല്‍ഹി എക്സ്പ്രസ് വേ തടയാന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്‌തിരുന്നുവെങ്കിലും ശനിയാഴ്‌ച ആഗ്രയിലെ ടോള്‍ പ്‌ളാസകളിലൂടെ പതിവുപോലെ ഗതാഗതം സാധ്യമായി. ‘അഞ്ച് പ്രധാന ടോള്‍ പ്‌ളാസകള്‍ ഇവിടെയുണ്ട്, അവയൊന്നും കര്‍ഷകര്‍ തടഞ്ഞതായി ഞങ്ങള്‍ക്ക് വിവരമില്ല. പ്‌ളാസകള്‍ ഞങ്ങള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്’, അഗ്ര അസിസ്‌റ്റന്റ് പോലീസ് സൂപ്രണ്ട് സത്യജിത് ഗുപ്‌ത പറഞ്ഞു.
അതേസമയം കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കാന്‍ ഒരുങ്ങുകയാണ് സംഘടനകൾ. ഡെല്‍ഹി-ജയ്‌പൂര്‍ ദേശീയ പാത ഇന്ന് ഉപരോധിക്കുമെന്നാണ് വിവരം. പഞ്ചാബില്‍ നിന്ന് മുപ്പതിനായിരത്തോളം കര്‍ഷകര്‍ ഡെല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Read Also: ഹാലിസഹറിലെ ബിജെപി പ്രവര്‍ത്തകന്റെ മരണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ആരോപിച്ച് കുടുംബം







































