ഷാർജ: മുസ്‌ലിം ലീഗ് നേതാവ് എംസി മായിൻ ഹാജിക്കും മകനുമെതിരെ ചെക്ക് കേസ്. ദുബായിൽ ബിസിനസ് നടത്തുന്ന കണ്ണൂർ സ്വദേശിയാണ് പരാതി നൽകിയത്. അഞ്ചു കോടി രൂപ തട്ടിച്ചെന്നാണ് പരാതി. മുസ്‌ലിം ലീഗ് നേതൃത്വത്തിന് എതിരെയും പരാതി നൽകിയിട്ടുണ്ട്.
എംസി മായിൻ ഹാജിയും മകൻ എം കുഞ്ഞാലിയും മരുമകൻ മുസ്‌തഫ മൊയ്‌തീനും ചേർന്ന് ഷാർജയിൽ ലൈഫ് കെയർ മെഡിക്കൽ സെന്റർ എന്ന സ്‌ഥാപനം വാങ്ങിയിരുന്നു. കണ്ണൂർ സ്വദേശിയിൽ നിന്ന് 25 ലക്ഷം ദിർഹത്തിന് (അഞ്ചു കോടി രൂപ) ആണ് സ്‌ഥാപനം വാങ്ങിയത്. മായിൻ ഹാജിയുടെ മകൻ എം കുഞ്ഞാലി ഒപ്പിട്ട ചെക്കുകളാണ് കണ്ണൂർ സ്വദേശിക്ക് നൽകിയത്.
എന്നാൽ ചെക്കുകൾ ബാങ്കിൽ നിന്ന് മടങ്ങി. ഇതിനിടെ കുഞ്ഞാലി ദുബായിൽ നിന്ന് കടന്നുകളയുകയും ചെയ്‌തു. പണം ലഭിക്കുന്നതിനായി കണ്ണൂർ സ്വദേശി പലതവണ മായിൻ ഹാജിയെ വിളിച്ചെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചിരുന്നില്ല. ഇതിനെ തുടർന്ന് വിഷയം പാണക്കാട് തങ്ങൾ കുടുംബത്തെ അറിയിച്ചു.
ഫോണിലൂടെയും മധ്യസ്‌ഥ ചർച്ചയിലൂടെയും പണം പെട്ടന്ന് കൊടുത്തു തീർക്കാമെന്ന് മായിൻ ഹാജി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ അതും പാലിക്കപ്പെട്ടില്ല. തുടർന്നാണ് പ്രവാസിയായ കണ്ണൂർ സ്വദേശി നിയമപരമായി നേരിടാൻ തീരുമാനിച്ചത്. ഷാർജയിലെ പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്.
തട്ടിപ്പിനിരയായ കണ്ണൂരിലെ പ്രവാസി ഇക്കാര്യം മുസ്‌ലിം ലീഗിനെ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിലെ എംഎൽഎ എംസി കമറുദ്ദീന്റെ അറസ്‌റ്റ് ലീഗിനെ പ്രതിരോധത്തിൽ ആക്കിയ സമയത്താണ് എംസി മായിൻ ഹാജി കൂടി സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിക്കൂട്ടിലായിരിക്കുന്നത്.
National News: ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവി സിഇഒ അറസ്‌റ്റിൽ






































