ന്യൂഡെൽഹി: രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും 5 വയസിൽ താഴെയുള്ളവരിൽ അമിതവണ്ണം വർധിക്കുന്നതായി പഠനം. ദേശീയ കുടുംബാരോഗ്യ സർവേയുടെ (എൻഎച്ച്എസ്എഫ്) കണക്കുകൾ പ്രകാരം സർവേ നടത്തിയ 22 സംസ്ഥാനങ്ങളിൽ 20ലും അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം വർധിക്കുന്നതായാണ് കണ്ടെത്തൽ. ശാരീരിക അധ്വാനക്കുറവും, അനാരോഗ്യപരമായ ഭക്ഷണരീതിയുമാണ് അമിതവണ്ണത്തിന് കാരണമെന്ന് സർവേ പറയുന്നു.
മഹാരാഷ്ട്ര, ഗുജറാത്ത്, മിസോറാം, ത്രിപുര, ലക്ഷദ്വീപ്, ജമ്മു കശ്മീർ, ലഡാക്ക് തുടങ്ങിയ ഇടങ്ങളിലാണ് 2015-16 വർഷത്തേക്കാൾ അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണം പതിൻമടങ്ങ് വർധിച്ചതെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. ഗോവ, ദാദ്രനഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിൽ മാത്രമാണ് കുട്ടികളിലെ അമിതവണ്ണം കുറക്കാൻ സാധിച്ചതെന്നും പഠനം പറയുന്നു.
ലഡാക്കാണ് അമിതവണ്ണമുള്ള കുട്ടികളുടെ എണ്ണത്തിൽ ഒന്നാമത്. 13.4 ശതമാനം കുട്ടികളിലാണ് ഇവിടെ അമിതവണ്ണം പ്രകടമാകുന്നത്. 10.5 ശതമാനവുമായി ലക്ഷദ്വീപും 10 ശതമാനവുമായി മിസോറാമുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 9.6 ശതമാനവുമായി സിക്കിമും തൊട്ടരികെ നാലാം സ്ഥാനത്തുണ്ട്.
കുട്ടികളിൽ മാത്രമല്ല, പ്രായപൂർത്തിയായവരിലും അപകടകരമാകും വിധമാണ് ശരീരഭാരം കൂടുന്നതെന്നും പഠനം പറയുന്നു. 16 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളെ നോക്കുമ്പോൾ അമിതവണ്ണമുള്ള സ്ത്രീകളും 19 ഇടങ്ങളിൽ അമിതവണ്ണമുള്ള പുരുഷൻമാരും വർധിക്കുന്നതായി സർവേ പറയുന്നു. കേരളമാണ് അമിതവണ്ണമുള്ള സ്ത്രീകളുടെ എണ്ണത്തിൽ ഒന്നാമതുള്ള സംസ്ഥാനം. 38 ശതമാനമാണ് കേരളത്തിലെ അമിതവണ്ണമുള്ള സ്ത്രീകളുടെ എണ്ണം. കേന്ദ്ര ഭരണ പ്രദേശങ്ങളായ ആൻഡമാൻ നിക്കോബാറിലും ലക്ഷദ്വീപിലും ഈ കണക്ക് 40 ശതമാനത്തിന് മുകളിലാണ്.
Read also: എങ്ങുമെത്താതെ സിലബസ്; പ്ളസ്ടുക്കാർക്ക് ക്ളാസ് സമയം കൂട്ടിയേക്കും