കാസർഗോഡ്: ഒരു മാസത്തിന് ശേഷം വിധിയെഴുതാൻ ജനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ് നടക്കുക. ഇന്നലെ വൈകിട്ട് 3ന് ശേഷം കോവിഡ് സ്ഥിരീകരിച്ചവർ, നിരീക്ഷണത്തിലുള്ളവർ എന്നിവർക്ക് വൈകിട്ട് 5 മുതൽ 6 വരെ വോട്ട് രേഖപ്പെടുത്താം. ആരോഗ്യവകുപ്പിനെ വിവരം അറിയിച്ച് പിപിഇ കിറ്റ് ഉൾപ്പടെയുള്ള സുരക്ഷാ മുൻകരുതലുകളോടെ ഇവർ ബൂത്തിലെത്തണം.
മാവോയിസ്റ്റ് സാന്നിധ്യമുള്ള 8 ബൂത്തുകൾ ഉൾപ്പടെ ആകെ 128 പ്രശ്നബാധിത ബൂത്തുകളാണ് ജില്ലയിലുള്ളത്. ഇതിൽ 84 ക്രിട്ടിക്കൽ, 43 വൾനറബിൾ, ഇവക്ക് പുറമേ ജില്ലാ ഇലക്ഷൻ ഓഫീസർ, ജില്ലാ പോലീസ് മേധാവി എന്നിവർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 23 ബൂത്തുകളിലുമാണ് പ്രശ്ന സാധ്യതയുള്ളത്. മറ്റ് ബൂത്തുകളിൽ ഓരോ പോലീസ് ഉദ്യോഗസ്ഥരെ വീതം നിയമിക്കുമ്പോൾ പ്രശ്ന ബാധിത ബൂത്തുകളിൽ ഓഫീസർ ഉൾപ്പടെ കൂടുതൽ പോലീസുകാരെ വിന്യസിക്കും.
Also Read: മലപ്പുറം; മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ കര്‍ശന സുരക്ഷ
വെബ് കാസ്റ്റിങ്, വീഡിയോ റെക്കോർഡിങ് എന്നിവയും പ്രശ്ന ബാധിത ബൂത്തുകളിൽ സജ്ജമാക്കിയിട്ടുണ്ട്. 10 ഡിവൈഎസ്പിമാർ, 32 സിഐ, 149 എസ്ഐ, എഎസ്ഐ ഉൾപ്പടെ 2366 സിവിൽ ഓഫീസർമാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിൽ നിന്ന് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരും സുരക്ഷക്കായി എത്തിയിട്ടുണ്ട്.








































