ഗൂഡല്ലൂർ: ‘ഓപ്പറേഷൻ ഗജ’യിലൂടെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്തിയ കാട്ടാനക്കൂട്ടം തിരികെയെത്തി. അഡൂരിലേക്ക് എത്തിയ ഇവ വീണ്ടും വ്യാപക നാശമാണ് വിതക്കുന്നത്. അഡൂർ ചിക്കണ്ടമൂല മാവിനടിയിലെ എം മുരളീധര ഭട്ടിന്റെ തോട്ടത്തിൽ 4 ദിവസമായി കാട്ടാനക്കൂട്ടത്തിന്റെ ശല്യമുണ്ട്. ഇതിനോടകം 150ലേറെ കമുകുകൾ ഇവ തകർത്തു. 7 ആനകളുടെ കൂട്ടമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ചാമക്കൊച്ചി, അന്നടുക്കം മേഖലകളിലും ഇവ ഭീതി പരത്തുന്നുണ്ട്.
റോഡ് സൗകര്യം ഇല്ലാത്തതിനാൽ വനപാലകർക്ക് ഇവിടേക്ക് പെട്ടെന്നെത്താൻ കഴിയുന്നില്ല. മുളിയാർ, കാറഡുക്ക, ദേലംപാടി പഞ്ചായത്തുകളുടെ മലയോര മേഖലകളിൽ കാട്ടാനശല്യം വർധിച്ചതോടെയാണ് ‘ഓപ്പറേഷൻ ഗജ’ ദൗത്യത്തിലൂടെ വനപാലകർ നാട്ടുകാരുടെ സഹായത്തോടെ ഇവയെ തുരത്തിയത്.
കോഴിക്കോട് മുതൽ കാസർഗോഡ് വരെയുള്ള വനപാലകർ 10 ദിവസത്തെ പ്രയത്നം കൊണ്ടാണ് കാട്ടാനക്കൂട്ടത്തെ നാട് കടത്തിയത്. പുലിപ്പറമ്പിലെ സൗരോർജ വേലി കടത്തിവിട്ട മറ്റെല്ലാ ആനകളും കർണാടകയിലേക്ക് നീങ്ങിയിരുന്നു. ഒറ്റയാനെ മാത്രം അതിർത്തി കടത്താൻ സാധിച്ചില്ല. ആനകൾ തിരിച്ചുപോകുമ്പോൾ അവിടുത്തെ ആളുകൾ പടക്കം പൊട്ടിച്ച് അവയെ തിരിച്ചയക്കാറുണ്ടെങ്കിലും അത് പാടില്ലെന്ന് കർണാടക വനംവകുപ്പ് നിർദ്ദേശം നൽകിയിരുന്നു.
കുടക് മേഖലയിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ ആനക്കൂട്ടം തിരികെ എത്തുകയായിരുന്നു. 4 ദിവസം മുമ്പ് ചിക്കണ്ടമൂലയിലാണ് ആനകൾ ഇറങ്ങിയത്. അതിർത്തിയിൽ തകർന്നു കിടക്കുന്ന സൗരോർജ വേലിയുടെ പണി ഇതുവരെ പൂർത്തിയായിട്ടില്ല.
കാട്ടാന ഭീതിയിൽ കഴിയുന്ന നാട്ടുകാരെ മറ്റൊരു തിരിച്ചടി കാത്തിരിക്കുന്നുണ്ടായിരുന്നു. ആനകൾക്ക് പിന്നാലെ പുലിയും എത്തി. ഇന്നലെ പുലർച്ചെ 4 മണിക്കായിരുന്നു സംഭവം. ദേലംപാടി തീർഥക്കരയിലെ മണികണ്‌ഠന്റെ വീട്ടിലെ വളർത്ത് നായയെ പുലി പിടിച്ചു. ശബ്‌ദം കേട്ട് വീട്ടുകാർ ഉണർന്നെങ്കിലും പുലിയെ കണ്ടില്ല. വളർത്തു മൃഗങ്ങൾക്ക് നേരെ മുമ്പും ഈ പ്രദേശത്ത് പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. വന്യജീവി കണക്കെടുപ്പിൽ പുലിയെ കണ്ടെത്തുകയും ചെയ്‌തിരുന്നു.
Also Read: കെഎം ബഷീര്‍ കേസ്; ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും







































