തൃശൂര്‍ : ക്രിസ്മസ്-പുതുവൽസരം പ്രമാണിച്ച് ചിമ്മിനി വന്യജീവി സങ്കേതത്തിലെത്തുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ച. കോവിഡ് വ്യാപനം നിലനില്‍ക്കുമ്പോഴും അവധികള്‍ ആഘോഷമാക്കാനുള്ള ആളുകളുടെ തയ്യാറെടുപ്പിന്റെ ഭാഗമാണ് ഇപ്പോഴുണ്ടാകുന്ന ഈ തിരക്കുകള്‍. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ചിമ്മിനി വന്യജീവി സങ്കേതത്തില്‍ സഞ്ചാരികളുടെ പ്രവാഹമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് ഇവിടെ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ അവധി പ്രമാണിച്ചും ആളുകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു.
ചിമ്മിനിയിലേക്കുള്ള വഴിയില്‍ വലിയകുളം ഭാഗത്തായി ഇപ്പോള്‍ ആനകള്‍ കൂട്ടമായി ഇറങ്ങാറുണ്ട്. കഴിഞ്ഞ ദിവസം 14 ആനകളാണ് ഇവിടെ കൂട്ടമായി റോഡുകളില്‍ ഇറങ്ങിയത്. ഇതോടെ ഇവിടെ ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. ആനകള്‍ റോഡരികില്‍ നിലയുറപ്പിച്ചതോടെ സഞ്ചാരികള്‍ ആനകളോടൊപ്പമുള്ള ഫോട്ടോഷൂട്ട് ആരംഭിച്ചു. ഇതോടെ ആനകള്‍ പ്രകോപിതരാകാന്‍ തുടങ്ങിയെന്ന് മനസിലാക്കിയ സ്ഥലത്തെത്തിയ വനപാലക്കാരാണ് പിന്നീട് സഞ്ചാരികളെ അവിടെ നിന്നും മാറ്റിയത്. കൂടാതെ ഇനിമുതല്‍ ആനകള്‍ക്ക് സമീപം പോകുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സന്ദര്‍ശകര്‍ കൂടിയ സാഹചര്യത്തില്‍ ചിമ്മിനി ഡാമില്‍ വനംവകുപ്പ് കുട്ടവഞ്ചി യാത്ര ഒരുക്കിയിട്ടുണ്ട്. കൂടാതെ ചിമ്മിനി വന്യജീവി സങ്കേതത്തിന്റെ ഭാഗമായുള്ള ശലഭോദ്യാനം, ഔഷധോദ്യാനം, നക്ഷത്രവനം എന്നിവയും കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ്. ജനുവരി ഒന്നാം തീയതി മുതല്‍ എല്ലാ ദിവസവും ചിമ്മിനിയില്‍ സന്ദര്‍ശകരെ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Read also : കസ്റ്റംസ് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും







































