ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിന് അടുത്തുള്ള ടോൾ പ്ളാസയിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ ഹരിയാന പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കർണാലിന് സമീപത്തെ ഗ്രാമത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ സന്ദർശനത്തിന് എത്തുന്ന പശ്‌ചാത്തലത്തിലാണ് പോലീസ് നടപടി.
ഖട്ടാർ സന്ദർശനത്തിന് എത്തുന്ന കൈംല ഗ്രാമത്തിലേക്ക് കടക്കാൻ ശ്രമിച്ച കർഷകർക്ക് നേരെയാണ് പോലീസ് നടപടി. കർഷകർക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഗ്രാമത്തിൽ കിസാൻ മഹാപഞ്ചായത്ത് നടത്തുന്ന കർഷകരുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. രാജ്യ തലസ്‌ഥാനത്ത് ശക്‌തമായ പ്രക്ഷോഭം നടക്കാൻ കാരണമായ, സെപ്റ്റംബറിൽ പാസാക്കിയ കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങളുടെ ‘പ്രയോജനങ്ങളെ’ക്കുറിച്ച് സംസാരിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. സന്ദർശനത്തിന് മുന്നോടിയായി ഗ്രാമത്തിൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഖട്ടാറിന്റെ സന്ദർശനത്തെ പ്രോൽസാഹിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച പ്രതിഷേധിക്കുന്ന കർഷകരും ഗ്രാമവാസികളും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല ഇന്ന് ആവശ്യപ്പെട്ടിരുന്നു. ” ബഹുമാനപ്പെട്ട മനോഹർലാൽ ജി, കൈംല ഗ്രാമത്തിലെ കിസാൻ മഹാപഞ്ചായത്തിന്റെ ഈ കപടനാട്യം അവസാനിപ്പിക്കൂ. നമ്മുടെ അന്നദാതാക്കളുടെ വികാരം വ്രണപ്പെടുത്തി ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് തടയൂ,”- സുർജേവാല ട്വീറ്റ് ചെയ്‌തു.
Also Read: ‘ഇനിയും സമയമുണ്ട്, മുതലാളികളെ വിട്ട് അന്നദാതാക്കളെ പിന്തുണക്കൂ’; പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി








































