കൊച്ചി: സീറോ മലബാര്‍ സഭാ തലവന്‍ സ്‌ഥാനത്ത് നിന്ന് കര്‍ദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരിയെ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം അങ്കമാലി അല്‍മായ മുന്നേറ്റം സിനഡിന് പരാതി നല്‍കി. അല്‍മായ മുന്നേറ്റം കണ്‍വീനര്‍ ബിനു ജോണും പാസ്‌റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജരാര്‍ദും ചേര്‍ന്നാണ് സിനഡ് സെക്രട്ടറി മാര്‍ ആന്റണി കരിയിലിന് പരാതി നല്‍കിയത്.
ഭൂമിയിടപാട് കേസില്‍ വ്യാജ പട്ടയമുണ്ടാക്കാന്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയാണ് നിര്‍ദ്ദേശം നല്‍കിത്. സഭാ ചട്ടങ്ങള്‍ക്കു വിരുദ്ധമായ ഇത്തരം കാര്യങ്ങള്‍ സീറോ മലബാര്‍ സഭയെ പൊതു സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടുത്തുകയും അവമതിപ്പുണ്ടാക്കുകയും ചെയ്‌തു. ആ സാഹചര്യത്തില്‍ സിനഡ് കര്‍ദ്ദിനാളിനെതിരെ നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
പട്ടയങ്ങള്‍ വ്യാജമാണെന്ന വ്യക്‌തമായ ധാരണയുണ്ടായിട്ടും കര്‍ദ്ദിനാള്‍ ആലഞ്ചേരി ആധാരങ്ങള്‍ ഒപ്പിട്ടെന്നും സഭാ വിശ്വാങ്ങള്‍ നശിപ്പിക്കുകയും വിശ്വാസികള്‍ക്ക് മാനക്കേടുണ്ടാക്കുകയും ചെയ്‌ത കര്‍ദ്ദിനാള്‍ തല്‍സ്‌ഥാനത്ത് തുടരാന്‍ അനുയോജ്യനല്ലെന്നും പരാതിയില്‍ പറയുന്നു.
Read also: സംസ്‌ഥാനത്തെ ആദ്യ ഹരിത ജയിലായി കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ







































