കൊച്ചി: സീറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ സഭാ തലവൻ കർദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. ഭൂമി ഇടപാടിൽ കർദ്ദിനാൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവ്. കര്‍ദ്ദിനാള്‍ സമര്‍പ്പിച്ച ആറ് ഹരജികളും ഹൈക്കോടതി തള്ളി.
വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്‌താണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഹൈക്കോടതിയില്‍ ഹരജി നൽകിയത്. മാർ ജോർജ് ആലഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫിസർ ഫാദർ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു കീഴ്‌ക്കോടതി ഉത്തരവ്.
ഭൂമി ഇടപാടിൽ തനിക്കെതിരായ 8 കേസുകളും റദ്ദാക്കണമെന്ന് കർദ്ദിനാൾ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. വിചാരണാ കോടതിയില്‍ കര്‍ദ്ദിനാള്‍ ഹാജരായി ജാമ്യമെടുക്കണം. കേസില്‍ വിചാരണാ നടപടികളിലേക്ക് കടക്കാമെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്‌ഥതയിൽ കാക്കനടുള്ള 60 സെന്റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്‌ക്ക് ലക്ഷങ്ങളുടെ നഷ്‌ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി നടത്തിയതെന്നുമാണ് കേസ്.
Also Read: ഇ-ഓട്ടോ പദ്ധതി പ്രതിസന്ധിയിൽ അല്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്