കൊച്ചി: കേരള ഓട്ടോ മൊബൈൽസിന്റെ ഇ-ഓട്ടോ പദ്ധതി പ്രതിസന്ധിയിൽ ആയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ രേഖാമൂലം അറിയിച്ചു. ഡീലർഷിപ്പ് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായിട്ടില്ല. വിറ്റുപോയ ഇ-ഓട്ടോകൾ പ്രവർത്തിക്കാതെ വന്നിട്ടില്ലെന്നും പി രാജീവ് നിയമസഭയെ അറിയിച്ചു.
അതേസമയം, സംസ്‌ഥാന സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഇലക്‌ട്രിക് ഓട്ടോ നിർമാണം പ്രതിസന്ധിയിലാണ്. ഒരു വർഷം കൊണ്ട് കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് വഴി 7000 ഓട്ടോ ഇറക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ രണ്ട് വർഷത്തിനിടെ ആകെ വിറ്റത് 137 ഓട്ടോ മാത്രമാണ്.
ബാറ്ററിയുടെ ഗുണനിലവാരം കുറഞ്ഞതും, വിൽപനാനന്തര സേവനം നല്ല നിലയിൽ അല്ലാത്തതും, വായ്‌പാ സൗകര്യമില്ലാത്തതും ഡീലർമാര്‍ ഓട്ടോ വാങ്ങുന്നത് നിർത്താന്‍ കാരണമായി. കമ്പനി പറഞ്ഞപോലെ ഒരു തവണ ചാർജ് ചെയ്‌താൽ 80 മുതൽ 100 കിലോ മീറ്റർ വരെ മൈലേജ് വളരെക്കുറച്ച് ഓട്ടോകൾക്കേ കിട്ടിയുള്ളൂ. മൈലേജ് കിട്ടാത്ത ബാറ്ററി കെഎഎൽ തിരിച്ചെടുക്കാതായതോടെ ഡീലർമാർ പിൻവാങ്ങുകയും ചെയ്‌തു.
30,000 രൂപ വരെ സബ്‌സിഡി നൽകുമെന്ന വാഗ്‌ദാനം സർക്കാർ പാലിക്കാത്തതും കെഎഎല്ലിന്റെ ഇ-ഓട്ടോയോടുള്ള പ്രിയം കുറയാൻ കാരണമായി. ഇ-ഓട്ടോ വാങ്ങാൻ കെഎഫ്‌സി നല്‍കിക്കൊണ്ടിരുന്ന വായ്‌പ നിര്‍ത്തിയതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. എന്നാൽ ഇ-ഓട്ടോക്ക് പ്രശ്‌നങ്ങളില്ലെന്നും കോവിഡ് മൂലമാണ് ഉൽപാദനം കുറഞ്ഞതെന്നുമാണ് കെഎഎല്ലിന്റെ വിശദീകരണം.
Read Also: ട്രാൻസ്‌ജെൻഡര്‍ പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ് നൽകി സംസ്‌ഥാന സാക്ഷരതാ മിഷന്‍; രാജ്യത്താദ്യം