വാഹനങ്ങളിലെ തീപിടുത്തം; കാരണങ്ങൾ അറിയാം, തടയാനും മാർഗമുണ്ട്

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വളരെയധികം വർധിച്ച് വരികയാണ്. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് തീ പിടിക്കുന്നത് മാത്രമല്ല ഓടിക്കൊണ്ടിരിക്കുന്നതിനിടെ വാഹനങ്ങൾക്ക് തീ പിടിക്കുന്ന സംഭവങ്ങളും കുറവല്ല. വേനൽ കാലത്താണ് ഇത്തരം അപകടങ്ങൾ കൂടുതലായും റിപ്പോർട് ചെയ്യപ്പെടുന്നത്.

വാഹനങ്ങളിലെ തീപിടുത്തത്തിന്റെ കാരണവും പരിഹാരങ്ങളും കണ്ടെത്തിയാൽ വിപത്തുകളെ മുൻകൂട്ടി തടയാൻ നമുക്കാകും. എന്നാൽ, ആരും അതിന് ശ്രമിക്കാറില്ല. ഇപ്പോൾ വാഹനങ്ങളിലെ അഗ്‌നിബാധയുടെ പ്രധാന കാരണങ്ങളും അവ തടയാനുള്ള വഴികളും വിശദീകരിക്കുകയാണ് കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ്.

അടുത്ത കാലത്തായി ഓടുന്ന വാഹനങ്ങള്‍ അഗ്‌നിക്കിരയാകുന്ന വളരെയധികം വാര്‍ത്തകള്‍ റിപ്പോർട് ചെയ്യപ്പെടുന്നു. വേനല്‍ കടുക്കുന്തോറും ഇത് വർധിക്കുകയും ചെയ്യാം. പലപ്പോഴും അറിവില്ലായ്‌മയാണ് ഈ അപകടങ്ങളിലെ പ്രധാന വില്ലന്‍. നിരുപദ്രവകാരിയായ വണ്ടുകള്‍ പോലും അഗ്‌നിബാധക്ക് കാരണമാകുന്നുണ്ടെന്ന് പോലീസ് ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ വ്യക്‌തമാക്കി.

അഗ്‌നിബാധയുടെ പ്രധാന കാരണങ്ങൾ

  • ഇന്ധന ചോർച്ച (ഫ്യുവൽ ലീക്കേജ്)

കാലപ്പഴക്കം മൂലവും ശരിയായ മെയിന്റനന്‍സിന്റെ അഭാവം നിമിത്തവും ഫ്യുവല്‍ ലൈനില്‍ ലീക്കേജുകള്‍ സംഭവിക്കാം. ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളില്‍ എലി മുതലായവയുടെ ആക്രമണം മൂലവും ഇന്ധനചോര്‍ച്ച ഉണ്ടാകാം. ഗ്രാമപ്രദേശങ്ങളിലും മരങ്ങള്‍ ധാരാളമായി വളര്‍ന്നു നില്‍ക്കുന്ന പ്രദേശങ്ങളിലും വനാതിര്‍ത്തിയിലും ചില പ്രത്യേക തരം വണ്ടുകള്‍ റബ്ബര്‍ കൊണ്ട് നിര്‍മ്മിച്ച ഇന്ധന ലൈനില്‍ വളരെ ചെറിയ ദ്വാരം ഇടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബയോ ഫ്യുവല്‍ ആയ എഥനോള്‍ അടങ്ങിയ ഇന്ധനങ്ങള്‍ ഉയോഗിക്കുന്ന വാഹനങ്ങളിലാണ് ഇത്തരത്തില്‍ വണ്ടുകളുടെ ആക്രമണം കൂടുതല്‍ കണ്ടെത്തിയിട്ടുള്ളത്.

മാരുതി വാഹനങ്ങളില്‍ ഇത്തരത്തിലുള്ള ഉള്ള പരാതികള്‍ നിത്യ സംഭവങ്ങളാണ്. ചില വാഹനങ്ങളില്‍ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ വാഹനത്തിന്റെ മധ്യഭാഗത്തായി താഴെ സ്‌ഥിതി ചെയ്യുന്നതുകൊണ്ട് ഇത്തരത്തിലുള്ള ചെറിയ സുഷിരങ്ങളില്‍ കൂടി വാഹനം ഓടിത്തുടങ്ങുമ്പോള്‍ സ്‌പ്രേ രൂപത്തില്‍ വരുന്ന ഫ്യുവല്‍ വളരെ പെട്ടെന്ന് വാഹനം കത്തുന്നതിന് കാരണമാകാറുണ്ട്. ഏകദേശം 280 ഡിഗ്രി സെൽഷ്യസ് ആണ് പെട്രോളിന്റെ സ്‌പാർക് ഇല്ലാതെ തന്നെ കത്തുന്ന അവസ്‌ഥ. ഡീസലിന്റെത് 210 ഡിഗ്രി സെൽഷ്യസുമാണ്. എന്നാലും പെട്രോള്‍ ഡീസലിനെ അപേക്ഷിച്ച് പെട്ടെന്ന് ബാഷ്‌പീകരണം ചെയ്യുന്നതിനാല്‍ കത്താനുള്ള സാധ്യത കൂടുതലാണ്.

Vehicle fires; Know the causes and there is a way to prevent it

ഇന്ധന ലീക്കേജ് മാത്രമല്ല എഞ്ചിൻ കമ്പാര്‍ട്ട്‌മെന്റില്‍ ബ്രേക്ക് സ്‌റ്റിയറിംഗ് തുടങ്ങിയ സംവിധാനങ്ങളിലുള്ള ഫ്‌ളൂയിഡും ലീക്ക് ആകാനുള്ള സാധ്യതയുണ്ട്. ഗ്യാസ്‌കറ്റുകള്‍, വാഷറുകള്‍, റബ്ബര്‍ റിങ്ങുകള്‍ എന്നിവയിലുണ്ടാകുന്ന പൊട്ടലുകളാണ് ലീക്കേജിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. ഇത്തരം ലീക്കേജുകള്‍ പെട്ടെന്ന് തീ പിടിത്തത്തിലേക്ക് നയിക്കില്ലെങ്കിലും ഒരിക്കല്‍ തീ പടര്‍ന്നാല്‍ അത് ഗുരുതരമാകുന്നതിന് കാരണമാകും മാത്രവുമല്ല ഇത്തരം ലീക്കേജുകൾ മൂലം ഇന്ധന ലീക്കേജ് ശ്രദ്ധയില്‍ പെടാതിരിക്കാനും കാരണമാകും.

  • ഗ്യാസ് ലീക്കേജ്

എല്‍പിജി മുതലായവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ലീക്കേജിനുള്ള സാധ്യതകള്‍ കൂടുതലാണ്. സമീപകാലത്ത് പെട്ടെന്ന് തീ ആളിപ്പടര്‍ന്നുള്ള അപകടങ്ങളിലും പ്രത്യേകിച്ച് ഗ്യാസ് ആയി കണ്‍വെര്‍ട്ട് ചെയ്‌തിട്ടുള്ള പഴയ പെട്രോള്‍ വാഹനങ്ങളിലും ഗ്യാസ് ലീക്കാണ് പ്രധാന വില്ലന്‍. നിരന്തരമായ പരിചരണം ആവശ്യമുള്ളതാണ് ഇത്തരം വാഹനങ്ങള്‍.

ഈ വാഹനങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള എല്‍പിജി കണ്‍വേര്‍ഷന്‍ കിറ്റിലെ സോളിനോയ്‌ഡ് വാല്‍വ്, റെഗുലേറ്റര്‍/ വാപോറൈസര്‍, ഫില്‍ട്ടര്‍, ഗ്യാസ് ട്യൂബ്, ടാങ്ക് തുടങ്ങിയ എല്ലാ ഭാഗങ്ങളും വര്‍ഷത്തിലൊരിക്കല്‍ സര്‍വീസ് ചെയ്യണമെന്നും ഗ്യാസ് ടാങ്ക് അഞ്ചുവര്‍ഷം കൂടുമ്പോള്‍ പ്രഷര്‍ ടെസ്‌റ്റ് നടത്തുകയും 15 വര്‍ഷം കഴിഞ്ഞാല്‍ മാറ്റണമെന്നുമാണ് ഗ്യാസ് സിലിണ്ടര്‍ റൂള്‍സ് പ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എന്നാല്‍, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ പലരും ഇത് പിടിപ്പിച്ചുകഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞു നോക്കുക പോലും ഇല്ല.

  • ഓൾട്ടർനേഷനുകൾ

55/60 വാട്ട്‌സ് ബള്‍ബുകള്‍ ഘടിപ്പിക്കുന്ന ഹോള്‍ഡറുകളില്‍ 100130 വാട്ട് ഹാലജന്‍ ബള്‍ബുകള്‍ ഘടിപ്പിച്ച് നിരത്തിലിറങ്ങുന്നവര്‍ തീ ക്ഷണിച്ച് വരുത്തുന്നവരാണ്. കുറഞ്ഞ വാട്ടേജുള്ള ബള്‍ബുകള്‍ക്കായി ഡിസൈന്‍ ചെയ്‌തിട്ടുള്ള കനം കുറഞ്ഞ വയറുകളും പ്‌ളാസ്‌റ്റിക് ഹോള്‍ഡറുകളിലുമാണ് പല രാജ്യങ്ങളും നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള 300 ഡിഗ്രി സെൽഷ്യസ് വരെ ചൂടാകാവുന്ന ഇത്തരം ബള്‍ബുകള്‍ ഘടിപ്പിക്കുന്നത്.

നിയമ വിധേയമല്ലാത്ത സെനോൺ പ്‌ളാസ്‌മ എച്ച്‌ഐഡി ബള്‍ബുകളും ബല്ലാസ്‌റ്റുകളും അധികതാപം സൃഷ്‌ടിക്കുന്നവയാണ്. മനസിലാക്കേണ്ട വസ്‌തുത അമിതമായി ചൂടാകുന്നത് ഫ്യൂസ് ഉരുകുന്നതിലേക്ക് നയിക്കില്ല എന്നതാണ് , ഷോര്‍ട്ട് സര്‍ക്യൂട്ട് ആയാല്‍ മാത്രമെ ഫ്യൂസ് ഉരുകുകയുള്ളൂ എന്ന് മനസ്സിലാക്കണം. പലപ്പോഴും ഇങ്ങനെയുള്ള തീപിടുത്തം ആരംഭിക്കുന്നത് ഹെഡ് ലൈറ്റില്‍ നിന്ന് ആണ് എന്നുള്ളതിന്റെ കാരണവും മറ്റൊന്നല്ല. കൂടുതല്‍ വാട്ടേജുള്ള ഹോണുകളും ലൈറ്റിന്റെ ആര്‍ഭാടങ്ങളും സ്‌പീക്കറുകളും എല്ലാം അഗ്‌നിക്ക് കാരണമാകാം.

Vehicle fires; Know the causes and there is a way to prevent it

പല വാഹനങ്ങളിലും ഇത്തരം മോഡിഫിക്കേഷനുകള്‍ക്ക് താഴ്‌ന്ന നിലവാരത്തിലുള്ള കനം കുറഞ്ഞ വയറിങ്ങുകളാണ് ഉപയോഗിക്കാറ് എന്നതും വയര്‍ കരിയുന്നതിനും തീപിടിത്തത്തിലേക്ക് നയിക്കുന്നതിനും ഇടയാക്കും. വാഹന മാനുഫാക്‌ചററുടേതല്ലാത്ത വ്യാജ വയറിങ് ഹാര്‍നെസുകളും കപ്‌ളിങിനന് പകരം വയര്‍ പിരിച്ച് ചേര്‍ത്ത് ഘടിപ്പിക്കുന്നതും അപകടകരമാണ്.

  • ഫ്യൂസുകള്‍

വാഹന നിർമാതാക്കൾ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഫ്യൂസുകള്‍ മാറ്റി കൂടുതല്‍ കപ്പാസിറ്റിയുള്ള ഫ്യൂസുകള്‍ ഘടിപ്പിക്കുന്നതും വയറുകളൊ, കമ്പിയൊ പകരം പിടിപ്പിക്കുന്നതും പ്രത്യേകിച്ച് പഴയ വാഹനങ്ങളിലും മറ്റും, തീപിടിത്ത സാധ്യത വർധിപ്പിക്കുന്നു.

  • ബാറ്ററികളും ചാര്‍ജിംഗ് സര്‍ക്യൂട്ടും

പഴയതും തകരാറുള്ളതുമായ ബാറ്ററികള്‍ പലപ്പോഴും തീ പിടിത്തത്തിന് കാരണമാകാറുണ്ട്. ചാര്‍ജിംഗ് സിസ്‌റ്റത്തിലെ തകരാറുകള്‍ നിമിത്തം ഓവര്‍ ചാര്‍ജാക്കുന്നതും അതുമൂലം ഉൽപാദിപ്പിക്കപ്പെടുന്ന കൂടുതല്‍ അളവിലുള്ള അതീവ ജ്വലന സാധ്യതയുള്ള ഹൈഡ്രജന്‍ വാതകവും സ്‌ഫോടനത്തിന് കാരണമായേക്കാം.

  • കൂളിംഗ് സിസ്‌റ്റത്തിന്റെ തകരാര്‍

ലീക്കേജ് മൂലമൊ മറ്റ് യാന്ത്രിക തകരാര്‍ മൂലമൊ കൂളിംഗ് സിസ്‌റ്റത്തിന് തകരാറുകള്‍ സംഭവിക്കുന്നതും , ലൂബ്രിക്കേഷന്‍ സിസ്‌റ്റത്തിന്റെ തകരാറുകളും എഞ്ചിന്റെ താപനില വർധിക്കുന്നതിനും അതു മൂലം റബ്ബര്‍ ഭാഗങ്ങള്‍ ഉരുകി തീപിടിത്തത്തിലേക്ക് നയിക്കാനും ഇടയുണ്ട്.

Vehicle fires; Know the causes and there is a way to prevent it

  • കൂട്ടിയിടികളും മെക്കാനിക്കല്‍ തകരാറുകളും

കൂട്ടിയിടികള്‍ പലപ്പോഴും തീ പിടിത്തത്തിന് കാരണമാകാറുണ്ട്. ഇന്ധന ടാങ്കിലും ബാറ്ററിയിലും ഏല്‍ക്കുന്ന ക്ഷതങ്ങള്‍ തീപിടിത്തത്തിലേക്ക് നയിച്ചേക്കാം. ടയര്‍ പൊട്ടി റോഡില്‍ ഉരഞ്ഞും അപകടം ഉണ്ടാകാം. വലിയ വാഹനങ്ങളില്‍ പ്രൊപ്പല്ലര്‍ ഷാഫ്‌റ്റ് പൊട്ടി ഇന്ധന ടാങ്കില്‍ ഇടിച്ച് തീ പിടിത്തത്തിന് കാരണമാകാറുണ്ട്.

കേരളത്തിലെ റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച അതിദാരുണമായ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ 44 പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‌തത്‌ ഇത്തരത്തില്‍ ഒന്നാണ് . അപകടത്തില്‍ പെട്ട പ്രണവം ബസിന്റെ പ്രൊപ്പല്ലര്‍ ഷാഫ്‌റ്റ് പൊട്ടി ഡീസല്‍ ടാങ്കില്‍ ഇടിച്ച് കത്തി പിടിച്ചതാണ് അപകടത്തെ ഇത്ര ഭീകരമാക്കിയത്.

തീപിടിച്ചാല്‍ എന്തു ചെയ്യണം?

എത്രയും പെട്ടെന്ന് വാഹനം നിര്‍ത്തുകയും എഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലം തീ പെട്ടെന്ന് പടരുന്നത് തടയാം മാത്രവുമല്ല വയറുകള്‍ ഉരുകിയാല്‍ ഡോര്‍ ലോക്കുകള്‍ തുറക്കാന്‍ പറ്റാതെയും ഗ്‌ളാസ്‌ താഴ്‌ത്താന്‍ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കാം. ഇത്തരം സാഹചര്യത്തില്‍ സൈഡ് ഗ്‌ളാസ്‌ പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം സീറ്റില്‍ കിടന്ന് കൊണ്ട് കാലുകള്‍ കൊണ്ട് വശങ്ങളില്‍ ചവിട്ടി പൊട്ടിക്കാന്‍ ശ്രമിക്കണം .

ചുറ്റിക പോലുള്ള ഉപകരണം വാഹനത്തിനകത്ത് കയ്യെത്താവുന്ന രീതിയില്‍ സൂക്ഷിക്കുന്നത് ശീലമാക്കുക. DCP type fire extinguisher ചില വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാണ്. പാസഞ്ചര്‍ വാഹനങ്ങളിലെങ്കിലും ഇത് നിര്‍ബന്ധമായും വാങ്ങി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ സൂക്ഷിക്കുന്നത് ശീലമാക്കുക.

Vehicle fires; Know the causes and there is a way to prevent it

വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാല്‍ ആദ്യം ചെയ്യേണ്ടത് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്‌ടപ്പെടുത്തുന്നതിന് കാരണമാകും. തീ അണക്കുന്ന ഉപകരണം ഉപയോഗിച്ചൊ വെള്ളം ഉപയോഗിച്ചോ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കില്‍ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാല്‍ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങള്‍ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയര്‍ എന്നിവ പൊട്ടിത്തെറിക്കാന്‍ സാധ്യത ഉള്ളതിനാല്‍ കുടുതല്‍ അപകടത്തിന് ഇത് ഇടയാക്കും.

Most Read: മീഡിയാ വൺ സംപ്രേഷണ വിലക്കിനെതിരെ ഹൈക്കോടതി; ഉത്തരവ് മരവിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE