പതിവ് തെറ്റിക്കാതെ ഇത്തവണയും സ്വാതന്ത്ര്യ ദിനത്തിൽ വാഹനപ്രേമികളെ അമ്പരപ്പിച്ചു മഹീന്ദ്ര ആൻഡ് മഹേന്ദ്ര. മഹീന്ദ്രയുടെ അഭിമാനമായ ഥാറിന്റെ വൈദ്യുത രൂപം ഥാർ-ഇ (MAHINDRA THAR-E) അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇന്ത്യയുടെ 77ആം സ്വാതന്ത്ര്യ ദിനത്തിൽ ദക്ഷിണാഫ്രിക്കയിൽ വെച്ചാണ് ഥാർ ഇവിയുടെ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിരിക്കുന്നത്.
തങ്ങളുടെ ജനപ്രിയ ഓഫ് റോഡ് എസ്‌യുവിയായ ഥാറിനെ അടിസ്‌ഥാനമാക്കിയുള്ള ഇലക്‌ട്രിക് കൺസെപ്റ്റ് എസ്‌യുവി ഥാർ ഇ ആണ് ഇത്തവണ മഹീന്ദ്രയുടെ സമ്മാനം. മഹീന്ദ്രയുടെ വരാനിരിക്കുന്ന ജനപ്രിയ ഓഫ് റോഡ് ഇലക്‌ട്രിക് എസ്‌യുവിയുടെ ഡിസൈൻ ഭാഷയെ സൂചിപ്പിക്കുന്ന നിരവധി പുതിയ ഘടകങ്ങളുള്ള ഥാർ ഇലക്‌ട്രിക് കൺസെപ്റ്റ് എസ്‌യുവി അതിന്റെ രൂപത്തിന്റെ കാര്യത്തിൽ തികച്ചും വ്യത്യസ്‌തമാണ്. പുറത്തിറങ്ങുമ്പോൾ വൈദ്യുതി വാഹനങ്ങളിലെ ആദ്യത്തെ വാഹനമായിരിക്കും ഥാർ ഇ എന്നാണ് പ്രതീക്ഷ.
അഞ്ചു ഡോറുകളും ബാറ്ററി പാക്കും ഉൾക്കൊള്ളുന്നതിനായി വീൽ ബേസ് 2775 എംഎമ്മിൽ നിന്നും 2975 എംഎമ്മാക്കി വർധിപ്പിച്ചിട്ടുണ്ട്. നീളനെയുള്ള ഗ്രില്ലയും ചതുരത്തിലുള്ള ഹെഡ്‌ലാംപുകളും ഒരു വശത്ത് മൂന്ന് വരകളായി സ്‌ഥാപിച്ചിട്ടുള്ള എൽഇഡി ലൈറ്റുകളുമെല്ലാം വാഹനത്തിന് പുതുമയാർന്ന രൂപം നൽകുന്നുണ്ട്. മുന്നിലെ വലിയ ബംപറുകളും രൂപവ്യത്യാസത്തിലെ കരുത്ത് കാട്ടുന്നുണ്ട്.
പരന്ന ഡാഷ് ബോർഡാണ് ഉള്ളിലുള്ളത്. വാഹനത്തിന്റെ വശങ്ങളിൽ ഗ്രാബ് ഹാൻഡിലുകൾ നൽകിയിട്ടുണ്ട്. ത്രീ സ്‌പോക് സ്‌റ്റിയറിങ് വീലുള്ള ഥാർ ഇയിൽ നടുവിലായാണ് ടച്ച് സ്‌ക്രീൻ നൽകിയിട്ടുള്ളത്. പരന്ന ബാറ്ററികൾ വാഹനത്തിന് ഉള്ളിലായാണ് സ്‌ഥാപിച്ചിട്ടുള്ളത്. കൂടുതൽ കരുത്തുറ്റ ഥാർ ഇ ബാറ്ററിക്ക് വേണ്ടി ആശ്രയിക്കുന്നത് ഫോക്‌സ്‌വാഗനെയാണ്. 60kWh മുതൽ 80kWh വരെ കരുത്തുള്ള ബാറ്ററിയാവും ഥാർ ഇക്ക്. 450 കിലോമീറ്ററാണ് റേഞ്ച്.
നിലവിൽ XUV300നെ അടിസ്‌ഥാനമാക്കിയുള്ള XUV400 മാത്രമാണ് മഹീന്ദ്ര വിപണിയിലിറക്കുന്ന ഏക വൈദ്യുതി കാർ. 2026 ഒക്‌ടോബറിന് മുൻപ് അഞ്ചു വൈദ്യുതി എസ്‌യുവികളെ പുറത്തിറക്കാൻ മഹീന്ദ്രക്ക് പദ്ധതിയുണ്ട്. ഇതിലൊന്നാണ് ഥാർ ഇ. മഹീന്ദ്രയുടെ INGLO പ്ളാറ്റുഫോമിലായിരിക്കും എല്ലാ വൈദ്യുതി വാഹനങ്ങളും പുറത്തിറക്കുക. 2025ൽ ഥാർ ഇലക്‌ട്രിക് എസ്‌യുവി ഉൽപ്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tech| നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ