തിരുവനന്തപുരം: നഗരത്തിൽ സ്‍മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ കൂടുതൽ ഇലക്‌ട്രിക് ബസുകൾ(Electronic Bus) ശനിയാഴ്‌ച പുറത്തിറക്കും. 60 ഇലക്‌ട്രിക് ബസുകളാണ് സിറ്റി സർവീസിനായി കെഎസ്ആർടിസി സ്വിഫ്റ്റിന് ശനിയാഴ്‌ച കൈമാറുക. പുതിയ ബസുകളുടെ കൈമാറ്റ ഉൽഘാടനവും ഫ്‌ളാഗ് ഓഫും ശനിയാഴ്‌ച വൈകിട്ട് മൂന്നരക്ക് ചാല ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
നഗരത്തിലെ സർവീസിനായി കോർപ്പറേഷന്റെ ‘സ്‍മാർട്ട് സിറ്റി’ (Smart city Plan) പദ്ധതിയിൽ ഉൾപ്പെടുത്തി 113 ഇലക്‌ട്രിക് ബസുകൾ കൂടി വാങ്ങും. 104 കോടി രൂപക്കാണ് 113 ഇ-ബസുകൾ കൂടി വാങ്ങുന്നത്. നിലവിൽ 50 ഇ-ബസുകൾ തിരുവനന്തപുരത്ത് സിറ്റി സർവീസ് നടത്തുന്നത്. ബസുകളുടെ റൂട്ടുകൾ പൊതുജനാഭിപ്രായം കൂടി പരിഗണിച്ചാണ് തീരുമാനിക്കുക. സിറ്റി സർക്കുലർ ബസുകളും പോയിന്റ് ടു പോയിന്റ് ബസുകളും ഇതിലുൾപ്പെടുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു വ്യക്‌തമാക്കി.
തിരുവനന്തപുരം നഗരത്തിൽ ഘട്ടംഘട്ടമായി ഡീസൽ ബസുകൾ പിൻവലിച്ചു ഇ-ബസുകൾ മാത്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. മലിനീകരണം കുറക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പുതുതായി വാങ്ങുന്ന 113 ഇ-ബസുകൾ ഒക്‌ടോബർ ആദ്യം സർവീസ് തുടങ്ങുമെന്നും എംബി രാജേഷും മന്ത്രി ആന്റണി രാജുവും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യാത്രക്കാർക്ക് തൽസമയ വിവരങ്ങൾ ലഭിക്കാനായി ‘മാർഗദർശിനി’ എന്ന ആപ്പും സ്‍മാർട്ട് സിറ്റി പദ്ധതി വഴി തയ്യാറാക്കിയിട്ടുണ്ട്. ബസിന്റെ തൽസമയ ട്രാക്കിങ്, ബസ് ഷെഡ്യൂളിങ്, ക്രൂ മാനേജ്‌മെന്റ്, അമിതവേഗം ഉൾപ്പടെയുള്ളവ നിരീക്ഷിക്കാനാവും. പൊതുജനങ്ങൾക്ക് ബസിന്റെ വിവരങ്ങൾ, അടുത്തുള്ള ബസ് സ്‌റ്റോപ്പുകൾ, യാത്രാ പ്ളാനർ തുടങ്ങിയവ ആപ്പിലൂടെ അറിയാനാകും.
നഗരത്തിലെ അഞ്ചിടങ്ങളിൽ അന്തരീക്ഷവായു പരിശോധിക്കാനുള്ള സംവിധാനം, 48 സ്‌ഥലങ്ങളിൽ സ്‍മാർട്ട് പാർക്കിങ് എന്നിവയും സ്‍മാർട്ട് പദ്ധതിപ്രകാരം ഒരുക്കുന്നുണ്ട്. സ്‍മാർട്ട് പാർക്കിങ് സംവിധാനത്തിൽ ലൊക്കേഷനുകൾ മുൻകൂട്ടി അറിഞ്ഞു പാർക്കിങ് ബുക്ക് ചെയ്യാൻ സാധിക്കും. 70 ട്രാഫിക് സിഗ്‌നലുകൾ ഇതിനകം തന്നെ സ്‌മാർട്ടാക്കി മാറ്റിയെന്നും സ്‍മാർട്ട് സിറ്റി സിഇഒ അരുൺ കെ വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Most Read| അഭിമാന നിമിഷത്തിനായുള്ള കാത്തിരിപ്പിൽ രാജ്യം; ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് ഇന്ന്