ഗൂഡല്ലൂർ: ജനുവരി 19ന് തമിഴ്‌നാട്ടിൽ സ്‌കൂളുകൾ തുറക്കാനിരിക്കെ സുരക്ഷാ നടപടികളെ കുറിച്ച് നീലഗിരി ജില്ലാ കളക്‌ടർ ജെ ഇന്നസെന്റ് ദിവ്യ വിവിധ വകുപ്പ് അധികൃതരുമായി കൂടിയാലോചന നടത്തി. 10, പ്‌ളസ് ടു വിദ്യാർഥികളാണ് സ്‌കൂളിൽ എത്തുന്നത്. ജില്ലയിൽ ഗവൺമെന്റ്, എയ്‌ഡഡ്, മെട്രിക്, സിബിഎസ്ഇ ഉൾപ്പടെ 218 വിദ്യാലയങ്ങളാണുള്ളത്.
പത്താം ക്‌ളാസിൽ 9,636 വിദ്യാർഥികളും പ്‌ളസ് ടുവിൽ 8,398 വിദ്യാർഥികളുമാണ് സ്‌കൂളിൽ എത്തുക. സംസ്‌ഥാന സർക്കാർ നിർദ്ദേശ പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. അധ്യാപകരും വിദ്യാർഥികളും നിർബന്ധമായും മാസ്‌ക് ധരിക്കണം. കുട്ടികൾ എത്തുന്നതിന് മുമ്പ് തന്നെ സ്‌കൂളുകൾ അണുവിമുക്‌തമാക്കിയിരിക്കണം.
കൈപ്പിടികൾ, വാതിലുകൾ, ജനലുകൾ എന്നിവ ശുചീകരിക്കാൻ പഞ്ചായത്ത്, നഗരസഭകൾ മുൻകൈയ്യെടുക്കണം. വിദ്യാർഥികളുടെ ശരീരോഷ്‌മാവ് പരിശോധിക്കണം. പൾസ് ഓക്‌സീ മീറ്ററും സ്‌കൂളുകളിൽ കരുതണം ഒരു ക്‌ളാസിൽ 25 കുട്ടികൾ മാത്രമേ പാടുള്ളൂ. എന്തെങ്കിലും രോഗലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ ഉടൻ തന്നെ ആരോഗ്യ വകുപ്പിനെ അറിയിക്കണം.
വിദ്യാർഥികളുടെ പേരുവിവരങ്ങൾ രജിസ്‌റ്ററിൽ നിർബന്ധമായും രേഖപ്പെടുത്തണം എന്നിവയാണ് മാനദണ്ഡങ്ങൾ.
Also Read: ചോദ്യം ചെയ്യലിന് ഹാജരാകില്ല; കര്‍ഷക നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ







































