മലപ്പുറം: എടക്കര പഞ്ചായത്തിൽ സെക്രട്ടറി ഉൾപ്പടെ 9 ജീവനക്കാർക്ക് സസ്‌പെൻഷൻ. കെട്ടിട നിർമാണത്തിന് അനുമതി നൽകിയതിലുള്ള ക്രമക്കേടിന്റെ പേരിലാണ് നടപടി. പഞ്ചായത്ത് ഡയറക്‌ടറുടെ പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.
തണ്ണീർ തടങ്ങളും വയലുകളും മണ്ണിട്ട് നികത്തി നിർമിച്ച കെട്ടിടങ്ങൾക്കെല്ലാം അനുമതി നൽകിയതിൽ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. തുടർന്ന്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടറുടെ നിർദ്ദേശ പ്രകാരം ജീവനക്കാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
നിലവിലെ പഞ്ചായത്ത് സെക്രട്ടറി തോമസ് ഉമ്മൻ, മുൻ സെക്രട്ടറി രതീദേവി എന്നിവർ ഉൾപ്പടെ 9 പേർക്കെതിരെയാണ് കൂട്ടനടപടി. ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി എഞ്ചിനീയർമാരുടെ സംഘടനയായ ലെൻസ്‌ഫെഡും നേരത്തെ പരാതി നൽകിയിരുന്നു. ഒപ്പം പ്രാദേശികമായ ചില പരാതികളും ഉയർന്ന് വന്നിരുന്നു.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാരുടെ ഐഡി ദുരുപയോഗം ചെയ്‌ത് ഇവരുടെ കംപ്യൂട്ടറിൽ കടന്നാണ് വ്യാപക ക്രമക്കേടുകൾ നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. എടക്കര പഞ്ചായത്തിൽ നിരവധി കെട്ടിടങ്ങൾക്ക് അനധികൃത അനുമതി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ചും കൂടുതൽ അന്വേഷണം നടക്കും.
Also Read: കെഎസ്ആർടിസി ബസിൽ ആൾമാറാട്ടം നടത്തി സർവീസ്; 3 ജീവനക്കാർക്ക് സസ്‌പെൻഷൻ






































