ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ ആളുകൾ രംഗത്ത് എത്തിയതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രശസ്ത പോപ് ഗായിക റിഹാന കർഷകരെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് രാജ്യത്തിന് പുറത്തു നിന്നുള്ള പ്രമുഖ വ്യക്തികൾ ഇതേ നിലപാടുമായി എത്തിയത്. റിഹാനക്ക് പിന്നാലെ സ്വീഡനിലെ കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗും പിന്തുണയുമായി എത്തിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം. ഇത്തരം പ്രചാരണങ്ങൾക്ക് ഒന്നും ഇന്ത്യയുടെ ഐക്യം തകർക്കാൻ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു.
“ഒരു പ്രചാരണത്തിനും ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ കഴിയില്ല! ഒരു പ്രചാരണത്തിനും ഇന്ത്യയെ പുതിയ ഉയരങ്ങളിൽ എത്തുന്നത് തടയാൻ കഴിയില്ല! പ്രചാരണത്തിന് ഇന്ത്യയുടെ വിധി നിർണയിക്കാൻ കഴിയില്ല, ‘പുരോഗതിക്ക്’ മാത്രമേ കഴിയൂ. പുരോഗതി കൈവരിക്കാൻ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുന്നു,” – അമിത് ഷാ പറഞ്ഞു.
No propaganda can deter India’s unity!
No propaganda can stop India to attain new heights!
Propaganda can not decide India’s fate only ‘Progress’ can.
India stands united and together to achieve progress.#IndiaAgainstPropaganda#IndiaTogether https://t.co/ZJXYzGieCt
— Amit Shah (@AmitShah) February 3, 2021
കർഷക പ്രതിഷേധത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടി വ്യക്തമാക്കുന്ന വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു പ്രശസ്ത പോപ് ഗായികയും ഹോളിവുഡ് താരവുമായ റിഹാന കർഷകരെ പിന്തുണച്ച് രംഗത്ത് എത്തിയത്. എന്തുകൊണ്ടാണ് ഇതിനേക്കുറിച്ച് നമ്മള് ചര്ച്ച ചെയ്യാത്തതെന്നാണ് റിഹാന ട്വീറ്റിൽ ചോദിച്ചത്.
ഡെൽഹിയിലെ പല പ്രദേശങ്ങളിലെയും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കികൊണ്ട് പ്രക്ഷോഭം നടത്തുന്ന കർഷകർക്കെതിരായ സർക്കാരിന്റെ ഏറ്റവും പുതിയ അടിച്ചമർത്തലിനെ എടുത്തുകാട്ടുന്ന വാർത്തയാണ് റിഹാന പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ഗ്രെറ്റയും കർഷകർക്ക് പിന്തുണയുമായി എത്തിയത്.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; എൽഡിഎഫിന് ഭരണത്തുടർച്ച ലഭിക്കുമെന്ന് പിസി ജോർജ്






































