കൊച്ചി: പ്രസിദ്ധ ചിത്രകാരി ടികെ പത്മിനിയുടെ സ്മരണാർഥം കേരള ലളിതകലാ അക്കാദമി ദർബാർ ഹാൾ കലാകേന്ദ്രത്തിൽ സജ്ജീകരിച്ച ടികെ പത്മിനി ആർട് ഗാലറി ഈ മാസം പതിനൊന്നിന് ഉൽഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി എകെ ബാലനാണ് ഗാലറിയുടെ ഉൽഘാടനം നിർവഹിക്കുക.
11ന് വൈകുന്നേരം അഞ്ച് മണിക്കാണ് ഉൽഘാടനം. ടിജെ വിനോദ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. അന്നേദിവസം വനിതകൾക്കായി ചിത്രകലാ ക്യാംപും ഉണ്ടായിരിക്കുന്നതാണ് എന്ന് അധികൃതർ അറിയിച്ചു. കൂടാതെ സുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത ‘പത്മിനി’ എന്ന സിനിമ വൈകിട്ട് നാലുമണിമുതൽ പ്രദർശിപ്പിക്കുമെന്നും അക്കാദമി ചെയർമാൻ നേമം പുഷ്പരാജും സെക്രട്ടറി പിവി ബാലനും അറിയിച്ചു.
ആധുനിക ചിത്രകലയിലെ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യമായിരുന്നു ടികെ പത്മിനി. 1960 മുതൽ 1969 വരെയുളള കാലയളവിലാണ് പത്മിനി ചിത്രങ്ങളുടെ പിറവി. ഈ കാലയളവിൽ 30 എണ്ണച്ചായ ചിത്രങ്ങൾ ഉൾപ്പടെ 230 ചിത്രങ്ങൾ വരച്ച ടികെ പത്മിനിയെ വിശേഷിപ്പിക്കുന്നത് കേരളത്തിലെ ‘അമൃതാ ഷെർഗിൾ’ എന്നാണ്. റൊമാന്റിക്, അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റിക് ഗണങ്ങളിൽ ഉൾപ്പെടുന്നവ ആയിരുന്നു പത്മിനിയുടെ ചിത്രങ്ങൾ.
മലപ്പുറം ജില്ലയിലെ കാടഞ്ചേരി എന്ന ഗ്രാമത്തിലാണ് പത്മിനിയുടെ ജനനം. നാട്ടിൻ പുറത്തെ സ്ത്രീകളുടെ ജീവിതം നേരിൽ കണ്ട് വളർന്ന അവരുടെ ചിത്രങ്ങളിൽ ഈ ഗ്രാമീണ ജീവിത പശ്ചാത്തലങ്ങളും ബിംബങ്ങളുമെല്ലാം പ്രകടമായിരുന്നു. ഗ്രാമീണ സ്ത്രീകളും അവരുടെ ജീവിതവും തന്നെ ആയിരുന്നു പത്മിനി ചിത്രങ്ങളുടെ മുഖ്യ പ്രമേയം. ഇരുണ്ട നിറങ്ങളും കട്ടി കൂടിയ രേഖകളും പത്മിനിയുടെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. പട്ടം പറപ്പിക്കുന്ന പെൺകുട്ടി, നീല നദി, ധ്യാനം, നിലാവ്, ഡിസയർ, ഡ്രീംലാന്റ്, ഡോൺ, വുമൺ, ഗ്രോത്ത്, ബറിയർ ഗ്രൗണ്ട്, പോർട്രൈറ്റ് എന്നിവ ഇവരുടെ ചിത്രങ്ങളിൽ ചിലത് മാത്രമാണ്.
മദ്രാസ് ലളിത കലാ അക്കാദമി അവാർഡ് (1963), മദ്രാസ് ലളിത കലാ അക്കാദമിയുടെ ഹൈലി കമാന്റഡ് സർട്ടിഫിക്കറ്റ്, അസോസിയേഷൻ ഓഫ് യങ് പെയിന്റേഴ്സ് ആന്റ് സ്കൾപ്റ്റേഴ്സ് അവാർഡ് (1965), മദ്രാസ് ലളിത കലാ അക്കാദമി അവാർഡ് (1967) എന്നീ പുരസ്കാരങ്ങൾ ഈ പ്രശസ്ത ചിത്രകാരിക്ക് ലഭിച്ചിട്ടുണ്ട്.
Read Also: സത്യം പറഞ്ഞതിനാണ് നടപടിയെങ്കിൽ അംഗീകാരമായി കരുതും; മഹുവ മൊയ്ത്ര




































