തലശ്ശേരി: 25ആമത് കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരിയിലെ സംഘാടകസമിതി ഓഫീസ് തുറന്നു. തിരുവങ്ങാട് സ്‌പോർടിങ് യൂത്ത്‌സ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ ഉൽഘാടനം എഎൻ ഷംസീർ എംഎൽഎയാണ് നിർവഹിച്ചത്. ഈ മാസം 23 മുതൽ 27 വരെയാണ് ചലച്ചിത്രോൽസവത്തിന് തലശേരി വേദിയാവുക.
ഫിലിം ഫെസ്‌റ്റിവൽ ഹെൽപ് ഡെസ്‌ക് എല്ലാദിവസവും രാവിലെ 10 മുതൽ 5 വരെ പ്രവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0490-2320818 എന്ന നമ്പറിൽ ബന്ധപ്പെടാം. നഗരസഭാ അധ്യക്ഷ കെഎം ജമുനറാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ വാഴയിൽ ശശി, കെകെ മാരാർ, ലിബർട്ടി ബഷീർ, പ്രദീപ് ചൊക്ളി, ജിത്തു കോളയാട് എന്നിരും സംബന്ധിച്ചു.
കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്ത് സംസ്‌ഥാനത്തിന്റെ നാല് മേഖലകളിലായാണ് ഇത്തവണ ചലച്ചിത്ര മേള നടക്കുന്നത്. നാളെ തിരുവന്തപുരത്തെ ‘നിശാഗന്ധി’യിൽ മുഖ്യമന്ത്രി ഉൽഘാടനം നിർവഹിക്കുന്നതോടെ ആണ് ചലച്ചിത്ര മേളക്ക് തുടക്കമാകുക. ചലച്ചിത്ര മേളയുടെ ആദ്യ ദിനത്തിൽ മൽസര വിഭാഗത്തിലേത് ഉൾപ്പടെ 18 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
നാളെ ആരംഭിക്കുന്ന മേള ഫെബ്രുവരി 14ആം തീയതി വരെ തിരുവനന്തപുരത്ത് നടക്കും. തുടർന്ന് ഫെബ്രുവരി 17 മുതൽ 21 വരെ എറണാകുളത്തും 23 മുതൽ 27 വരെ തലശ്ശേരിയിലും മാർച്ച് 1 മുതൽ 5 വരെ പാലക്കാടും മേള നടക്കും. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ മുൻകൂട്ടി റിസർവ് ചെയ്‌ത ആളുകൾക്ക് മാത്രമായിരിക്കും സിനിമ കാണാൻ അവസരം ഉണ്ടാവുക.
Malabar News: ബഫർ സോണിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണം; എംവി ശ്രേയാംസ് കുമാര്‍






































