കോഴിക്കോട് : അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ രീതിയിലുള്ള വ്യാജകേന്ദ്രങ്ങൾ ജില്ലയിൽ ഉടനീളം പ്രവർത്തിക്കുന്നതായി റിപ്പോർട്. സർക്കാർ സേവനങ്ങൾ നൽകാൻ അംഗീകാരമുണ്ടെന്ന വ്യാജേന ഒട്ടേറെ ഓൺലൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി ഇന്റലിജന്റ്‌സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നതിനായി കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാഭരണകൂടം വ്യക്‌തമാക്കി.
അക്ഷയ കേന്ദ്രങ്ങളെന്ന വ്യാജേന പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങളിൽ ആളുകൾ സമർപ്പിക്കുന്ന വ്യക്‌തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് പോലീസ് എഡിജിപിയുടെ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ഇത്തരം ഓൺലൈൻ കേന്ദ്രങ്ങൾ പണം ഈടാക്കി ഇ–ഡിസ്ട്രിക്റ്റ് അടക്കമുള്ള സേവനങ്ങൾ വാണിജ്യാടിസ്‌ഥാനത്തിൽ നൽകിവരികയാണ്. ഇത് തടയുന്നതിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്നും, താലൂക്ക് തഹസീൽദാർമാരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധനകൾ നടത്തണമെന്നും കളക്‌ടർ അറിയിച്ചു.
ഡിടിപി, ഫോട്ടോസ്‌റ്റാറ്റ് തുടങ്ങിയ സേവനങ്ങൾ നൽകുന്നതിനായാണ് ഇത്തരം ഓൺലൈൻ കേന്ദ്രങ്ങൾ തദ്ദേശ സ്‌ഥാപനങ്ങളിൽ നിന്നും അനുമതി നേടുന്നത്. എന്നാൽ അതിന് ശേഷം സ്വകാര്യ ഐഡി ഉപയോഗിച്ച് പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ നൽകുകയാണ് ചെയ്യുന്നത്. പിന്നീട് ആളുകളുടെ വ്യക്‌തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ഇവർക്ക് കഴിയും. അതിനാൽ തന്നെ ഇത്തരം സ്‌ഥാപനങ്ങളെ നിയന്ത്രിക്കാൻ പഞ്ചായത്ത്, നഗരകാര്യ ഡപ്യൂട്ടി ഡയറക്‌ടർമാർക്ക് നിർദേശം നൽകി.
Read also : കാപ്പൻ ഒറ്റക്ക് വന്നാലും പാലാ സീറ്റ് നൽകും; എൻസിപിയെയും എൽഡിഎഫ് വഞ്ചിച്ചു; ചെന്നിത്തല




































