മലപ്പുറം: താൻ പാർട്ടിയിൽ ചേർന്നു എന്ന ഒറ്റക്കാരണം കൊണ്ട് ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്ന് ഇ ശ്രീധരൻ. ‘ഞാൻ ബിജെപിയിലേക്ക് വരുന്ന ഒറ്റ സംഗതി മതി, കൂടുതൽ ആളുകൾ ബിജെപിയിലേക്ക് വരും. കൂടുതൽ വോട്ട് ലഭിക്കും- ശ്രീധരൻ പറയുന്നു. മാതൃഭൂമി ന്യൂസ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ കാലമായി ബിജെപി അനുഭാവി ആയിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുണ്ട്. ബിജെപി തനിക്ക് പരിചയമില്ലാത്ത രാഷ്‌ട്രീയ പാർട്ടിയല്ല. സത്യസന്ധതയും ധാർമിക മൂല്യങ്ങളുമുള്ള പാർട്ടിയാണ്. അതുതന്നെയാണ് ബിജെപിയെ തിരഞ്ഞെടുക്കാൻ കാരണമെന്നും ശ്രീധരൻ വ്യക്‌തമാക്കി.
നാടിന് എന്തെങ്കിലും ചെയ്യണം എന്നുള്ളത് കൊണ്ടാണ് പാലാരിവട്ടം പാലത്തിന്റെ പണി ഏറ്റെടുത്തത്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പിണറായി വിജയൻ എന്നിവരോട് തനിക്ക് വലിയ ബഹുമാനമുണ്ട്. എന്നാൽ, സ്വന്തം പാർട്ടി എങ്ങനെയെങ്കിലും ഉയർത്തണം എന്നുള്ളത് മാത്രമാണ് അവരുടെ ചിന്ത. രാജ്യം പടുത്തുയർത്തണം എന്നില്ല. എന്നാൽ, ബിജെപിക്ക് രാജ്യത്തെ പടുത്തുയർത്തുക എന്നല്ലാതെ മറ്റൊരു ഉദ്ദേശവും ഇല്ല.
ഉദ്യോഗസ്‌ഥൻ ആയിരിക്കുമ്പോൾ ഒരു പക്ഷം പാടില്ല എന്നുള്ളത് കൊണ്ടാണ് പാർട്ടിയിൽ ചേരാൻ സാധിക്കാതെ പോയത്. എന്നാൽ, ഇപ്പോൾ തന്റെ കർമങ്ങളെല്ലാം കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു. പ്രകടന പത്രികയിലേക്ക് വേണ്ട തന്റെ നിർദ്ദേശങ്ങളും ഇതിനോടകം തയാറാക്കി കഴിഞ്ഞുവെന്നും ശ്രീധരൻ പറഞ്ഞു.
Also Read: കെഎസ്‌യു സമരം അഴിഞ്ഞാട്ടം, പോലീസിനെ വളഞ്ഞിട്ട് ആക്രമിച്ചു; വിമർശിച്ച് മുഖ്യമന്ത്രി







































