ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി. ഇക്കാര്യം ആവശ്യപ്പെട്ട് കേരള ഹൈകോടതി റജിസ്ട്രാർ ജുഡീഷ്യൽ മുഖേന സുപ്രീം കോടതിക്ക് കത്ത് നൽകി. വിഷയം സുപ്രീംകോടതി നാളെ പരിഗണിക്കും.
ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന 2019ലെ ഉത്തരവ് കോവിഡ് ഉൾപ്പെടെയുള്ള സാഹചര്യങ്ങളെ തുടർന്ന് പാലിക്കാൻ കഴിഞ്ഞില്ലെന്ന് കഴിഞ്ഞ വർഷം ജഡ്ജി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 2021 ഫെബ്രുവരിയോടെ വിചാരണ പൂർത്തിയാക്കുമെന്ന് അന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് ആറു മാസം കാലാവധി നീട്ടി നൽകിയിരുന്നു. എന്നാൽ, ഈ മാസത്തോടെ വിചാരണ പൂർത്തിയാക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് വീണ്ടും ജഡ്ജി സുപ്രീം കോടതിയെ സമീപിച്ച് ആറു മാസത്തെ സമയം കൂടി ചോദിച്ചിരിക്കുന്നത്.
ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയെയും പിന്നീട് ഹൈകോടതിയെയും തുടർന്ന് സുപ്രീം കോടതിയെയും ഹരജിയുമായി സമീപിച്ചതും വിചാരണ നീളാൻ കാരണമായതായി കത്തിൽ പറയുന്നു.
Read also: പാലാരിവട്ടം അഴിമതി; തിരഞ്ഞെടുപ്പിന് മുൻപ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി വിജിലൻസ്







































