തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി വിപി ജോയ് ചുമതലയേറ്റു. വിശ്വാസ് മേത്തയുടെ ഒഴിവിലേക്കാണ് നിയമനം. 47ആമത്തെ ചീഫ് സെക്രട്ടറിയായാണ് വിപി ജോയ് ചുമതലയേല്‍ക്കുന്നത്. 2023 ജൂണ്‍ 30 വരെയായിരിക്കും അദ്ദേഹത്തിന്റെ കാലാവധി.
ജനുവരിയിലാണ് കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് അദ്ദേഹം സംസ്ഥാന സര്‍വീസില്‍ തിരിച്ചെത്തിയത്. 1987 ബാച്ച് ഐഎഎസ് ഓഫീസറായ വിപി ജോയ് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാഷണല്‍ അതോറിറ്റി ഓണ്‍ കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്റെ ചെയര്മാന് ആയിരുന്നു. പിഎഫ് കമ്മീഷണറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
എറണാകുളം സ്വദേശിയാണ്. കവിയും സാഹിത്യകാരനും കൂടിയായ ജോയിയുടെ ‘നിമിഷ ജാലകം’ എന്ന കവിതാ സമാഹാരത്തിന് എസ്കെ പൊറ്റെക്കാട്ട് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാരിന്റെ നയപരിപാടികള്‍ക്ക് അനുസരിച്ച് സംസ്ഥാനത്തിന്റെ പുരോഗതിക്ക് ആവശ്യമായ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിപി ജോയ് പ്രതികരിച്ചു.
Read Also: ഒപ്പം നിന്നവർക്ക് നന്ദി; എൽജിഎസ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചു




































