കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് അയച്ചു. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
നോട്ട് നിരോധന സമയത്ത് ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപയുടെ കണ്ണപ്പണം വെളുപ്പിച്ചു എന്നാണ് കേസ്. പാർട്ടി പത്രത്തിന്റെ അക്കൗണ്ട് വഴി, കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചു എന്നാണ് കേസ്.
ഈ കേസിൽ ഇഡിക്കും വിജിലൻസിനും അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. വിജിലൻസ് അന്വേഷണത്തിനു ശേഷം തങ്ങൾക്ക് അന്വേഷിക്കാം എന്നായിരുന്നു ഇഡിയുടെ നിലപാട്. എന്നാൽ, ഹൈക്കോടതി നിർദ്ദേശത്തിനു പിന്നാലെ ഇഡി അന്വേഷണത്തിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
അതേസമയം, ജാമ്യം ലഭിക്കാൻ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കാമെന്ന് ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. ഗുരുതരമായ രോഗമെന്നാണ് ഇബ്രാഹിംകുഞ്ഞ് കോടതിയിൽ പറഞ്ഞത്. എന്നാൽ പൊതു വേദിയിൽ ഇബ്രാഹിംകുഞ്ഞ് പ്രസംഗിക്കുന്നത് കണ്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്‌ഥയിൽ ഇളവ് നൽകരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്‌ഥ ലംഘിച്ച് അദ്ദേഹം പാർട്ടി വേദികളിലെത്തിയെന്നും പാർട്ടി പരിപാടികളിൽ പങ്കെടുത്തെന്നും സർക്കാർ വ്യക്‌തമാക്കി.
Read Also: പൊതുജീവിതം അവസാനിപ്പിക്കുന്നു; മൽസരിക്കാൻ ഇല്ലെന്ന സൂചന നൽകി വികെ ശശികല








































